പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
പേരാമ്പ്ര: നീണ്ട കാത്തിരിപ്പിനൊടുവില്‍ ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുത പദ്ധതി പെരുവണ്ണാമൂഴിയില്‍ യാഥാര്‍ഥ്യമാകുന്നു. 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി പ്രവൃത്തിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കും. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ജലസംഭരണിയില്‍ നിന്ന് ജലസേചനം, കുടിവെള്ളം എന്നീ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള അധികജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെയും കുറ്റ്യാടി ഓര്‍ഗമന്റേഷന്‍ പദ്ധതിയുടെയും ഭാഗമായ കക്കയം പവര്‍ ഹൗസുകളില്‍നിന്ന് വൈദ്യുതി ഉല്‍പാദനം കഴിഞ്ഞുള്ള വെള്ളം പെരുവണ്ണാമൂഴി ജലസംഭരണിയിലേക്കാണ് എത്തുന്നത്. ഈ ജലം ഉപയോഗിച്ച് 24.70 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിക്കാനാണ് പെരുവണ്ണാമൂഴി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന ഡാം റിസര്‍വോയറില്‍നിന്ന് പിള്ളപ്പെരുവണ്ണ ഭാഗത്തേക്ക് 200 മീറ്റര്‍ അകലെ നിന്നാണ് പദ്ധതിയുടെ ടണല്‍ ആരംഭിക്കുന്നത്. 4.20 മീറ്റര്‍ വ്യാസമുള്ള ടണലിന് 342 മീറ്റര്‍ നീളമുണ്ട്. 10 മീറ്റര്‍ വ്യാസത്തില്‍ 30 മീറ്റര്‍ ആഴത്തിലുള്ള സര്‍ജ് ടാങ്കില്‍ നിന്ന് 282.80 മീറ്റര്‍ അകലെയാണ് പവര്‍ഹൗസ് നിര്‍മിക്കുന്നത്. 3.30 മീറ്റര്‍ വ്യാസവും 240 മീറ്റര്‍ നീളവുമുള്ള പ്രഷര്‍ ഷാഫ്റ്റ് 42.80 മീറ്ററിലുള്ള പെന്‍സ്റ്റോക്കുവഴി എട്ടു മീറ്റര്‍ താഴ്ചയില്‍ നിര്‍മിക്കുന്ന പവര്‍ഹൗസിലെത്തിച്ച് 3.0 മെഗാവാട്ട് ശേഷിയുള്ള രണ്ടു ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പാദനം നടത്തും. മിച്ചമുള്ള ജലം പ്രധാന ഡാമിനു 500 മീറ്റര്‍ താഴെ കുറ്റ്യാടിപ്പുഴയിലേക്ക് തന്നെ ഒഴുക്കും. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി നിലവിലുള്ള ചക്കിട്ടപാറ 110 കെ.വി സബ്‌സ്റ്റേഷനില്‍ എത്തിച്ച് വിതരണം ചെയ്യും.
പദ്ധതിക്കായി നാലു സ്വകാര്യ വ്യക്തികളില്‍ നിന്നായി 0.454 ഹെക്ടര്‍ ഭൂമിയും ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 4.423 ഹെക്ടര്‍ സര്‍ക്കാര്‍ സ്ഥലവും വൈദ്യുത ബോര്‍ഡ് ഏറ്റെടുത്തിട്ടുണ്ട്. 2017 ജൂണ്‍ 12ന് പദ്ധതി പ്രവൃത്തിക്കുള്ള സര്‍ക്കാര്‍ അനുവാദവും ലഭിച്ചു. 39.38 കോടി രൂപ വകയിരുത്തി പദ്ധതിയുടെ വിവിധ പ്രവൃത്തികള്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൗലോസ് ജോര്‍ജ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കു നല്‍കിക്കഴിഞ്ഞു.
മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് എം.എന്‍.ആര്‍.ഇ 20 കോടി ഗ്രാന്‍ഡ് അനുവദിച്ചിട്ടുണ്ട്. ഒന്‍പതു വര്‍ഷം കൊണ്ട് മുതല്‍ മുടക്കുതിരികെ ലഭിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."