കളിമണ്‍ കടത്ത് വീണ്ടും സജീവമായി
ഷൊര്‍ണൂര്‍: പ്രളയ ദുരിതപ്രദേശത്തുനിന്ന് കളിമണ്‍ കടത്ത് വീണ്ടും സജീവമായി. ഭാരതപ്പുഴയിലെ ഷൊര്‍ണൂര്‍ സ്ഥിരം തടയണക്കും വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിനും സമീപമുള്ള പുഴയോരമാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രാപ്പകല്‍ ഭേദമന്യേ ഖനനം നടത്തുന്നത്. തൃശൂരിലെ ടൈല്‍സ് ഫാക്ടറികളിലേക്കാണ് ടിപ്പറുകളിലും ടോറസുകളിലുമായി ദിനംപ്രതി നിരവധി ലോഡ് കളിമണ്ണ് കടത്തുന്നത്. ഷൊര്‍ണൂര്‍-വണ്‍ വില്ലേജിലെ തെക്കെ റോഡിലുള്ള പഴയ ഓട്ടുകമ്പനിയുടെ സ്ഥലത്തുനിന്നാണ് മണ്‍പാത്ര തൊഴിലാളികളുടെ പേരില്‍ നിലം ഗര്‍ത്തങ്ങളാക്കി വന്‍തോതില്‍ കളി മണ്ണെടുക്കുന്നത്.
കളിമണ്ണെടുത്ത കുഴികള്‍ മൂടാന്‍ ഇതേ വാഹനങ്ങളില്‍ മറ്റിടങ്ങളില്‍നിന്ന് ചുവന്ന മണ്ണ് കൊണ്ടുവന്നിടുന്നുമുണ്ട്. ഒരേ സമയം കളി മണ്ണെടുക്കലും അപ്പോള്‍ തന്നെ ഗര്‍ത്തങ്ങള്‍ നികത്തലും സ്ഥിരമായി നടന്നുവരികയാണ്.
നദീതട നീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചാണ് പുഴയോരത്ത് കളിമണ്‍ ഖനനം നടക്കുന്നത്. 2011ല്‍ നദീതീരങ്ങളിലുള്ള ഏത് വിധത്തിലുള്ള ഖനങ്ങളും സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ആ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ ഖനനം നടക്കുന്നത്. 2011ല്‍ ഓട്ടുകമ്പനി പ്രദേശത്ത് കരമണല്‍ ഖനനവും 2015ല്‍ കളിമണ്‍ ഖനനവും ഇതുപോലെ നടന്നിരുന്നു. വാര്‍ത്താമാധ്യങ്ങളില്‍ വാര്‍ത്ത വന്നതോടെ അധികൃതര്‍ ഖനനം നിര്‍ത്തിവെപ്പിക്കുകയായിരുന്നു.
സ്റ്റോപ്പ് മെമ്മോ കൊടുക്കുകയല്ലാതെ വാഹനങ്ങള്‍ക്കെതിരെയോ, ഖനനം നടത്തുന്നവര്‍ക്കെതിരെയോ നിയമപരമായ ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കാറില്ല. ഇത് മാഫിയകള്‍ക്ക് സഹായകമാകുകയാണ്. 2015ല്‍ ഓട്ടുകമ്പനിയുടെ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാനെന്ന പേരില്‍ ജിയോളജി വിഭാഗം നല്‍കിയ അനുമതിയാണ് കളിമണ്‍ കടത്തിന് സൗകര്യമൊരുക്കിയത്.
ഇപ്പോള്‍ പാലക്കാട് ജില്ലയിലും തൃശൂര്‍ ജില്ലയിലുമുള്ള കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ പേരിലാണ് കളിമണ്‍ കടത്തിക്കൊണ്ടുപോകാന്‍ ജിയോളജി വിഭാഗം അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞമാസം 26 മുതല്‍ ഈ മാസം 16 വരെയായിരുന്നു ആനുമതി. എന്നാല്‍ കാലാവധി കഴിഞ്ഞതിന് ശേഷവും ഖനനവും കടത്തും ഇവിടെ തുടര്‍ന്ന് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."