കോളറയ്‌ക്കെതിരേ ജാഗ്രത വേണം
ആലപ്പുഴ: പത്തനതിട്ടയില്‍ കോളറ മൂലം മരണം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിബ്രിയോ കോളറ എന്ന ബാക്ടീരിയ മൂലമാണ് കോളറ ഉണ്ടാകുന്നത്.
വയറിളക്കം, ഛര്‍ദ്ദി, കഞ്ഞിവെള്ളം പോലെ മലം അയഞ്ഞുപോകുവര്‍, ക്ഷീണം തുടങ്ങിയവയാണ് കോളറയുടെ ലക്ഷണം. ശരീരത്തില്‍ നിന്നും അമിതമായി ജലവും ലവണവും നഷ്ടപ്പെടുന്നത് മൂലം മരണം വരെ സംഭവിക്കാം. മലവിസര്‍ജ്ജ്യം കലര്‍ന്ന് മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും നേരിട്ടും, വൃത്തിയാക്കാത്ത കൈകളിലൂടെയും ഈച്ചകള്‍ വഴിയുമാണ് കോളറ രോഗം പകരുന്നത്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക, ചൂടുവെള്ളത്തില്‍ തണുത്തവെള്ളം ചേര്‍ത്ത് കുടിക്കരുത്, പൈപ്പ് വെള്ളമായാലും തിളപ്പിച്ചതിനുശേഷം മാത്രം കുടിക്കുക, ആഹാര പദാര്‍ഥങ്ങള്‍ ഈച്ചകള്‍ കടക്കാത്തവിധം മൂടിവയ്ക്കുക, മലവിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക, ആഹാരത്തിനുമുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, ശീതളപാനീയങ്ങള്‍ ശുദ്ധജലത്തില്‍ തയ്യാറാക്കിയതാണെന്ന് ഉറപ്പു വരുത്തുക, ജലസ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കുക, കക്കാ ഇറച്ചി, ഞണ്ട് തുടങ്ങിയവ നന്നായി വേവിച്ചതിനുശേഷം മാത്രം കഴിക്കുക, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക, വയറിളക്കമുണ്ടായാല്‍ ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പും പഞ്ചാസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, കരിക്കില്‍ വെള്ളം എന്നിവ കുടിക്കുക.
കോളറയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ദ്ധ ചികിത്സ തേടണം. ഇതരസംസ്ഥാനത്തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നവരും തൊഴിലുടമകളും പ്രത്യേകം ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."