കോവളത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ നടപടിയെടുത്ത് പൊലിസ്
കോവളം: കേരളത്തിന്റെ ടൂറിസത്തിന് നാണക്കേടുണ്ടാക്കിയ വിദേശ വനിതയുടെ കൊലപാതകത്തിന് ശേഷം വരുന്ന ക്രിസ്തുമസ് ന്യൂഈയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് കോവളത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ നടപടിയെടുത്ത് പൊലിസ് തുടങ്ങി.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും പൊലിസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതാണ് ഇത്തവണത്തെ പ്രത്യേകത.
തെരുവ് കച്ചവടക്കാര്‍ ഒഴികെ കോവളത്തെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഹോം സ്റ്റേകള്‍, സ്പീഡ് ബോട്ടുകള്‍ തുടങ്ങിയവയുടെ ഉടമകളും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും ചെറുകിട കച്ചവടക്കാരുമടക്കമുള്ള ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് യൂനിഫോമും പൊലിസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കിയതായും കട്ടിലും കുടയും വാടകയ്ക്ക് നല്‍കുന്നവര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള കട്ടിലും കുടകളും മാത്രമേ ഉപയോഗിക്കാവൂയെന്നും നിര്‍ദ്ദേശം നല്‍കി.
സ്പീഡ് ബോട്ട് സവാരിക്ക് ലൈസന്‍സ് ലഭിച്ചിട്ടുള്ളവര്‍ മത്സരവും സംഘര്‍ഷാവസ്ഥയും ഒഴിവാക്കാന്‍ അംഗീകൃത താരിഫ് ഇംഗ്ലീഷിലും മലയാളത്തിലും എഴുതി പ്രദര്‍ശിപ്പിക്കണം. രാവിലെ 11 മുതല്‍ വൈകിട്ട് ആറുമണിവരെ മാത്രമേ ബോട്ട് സര്‍വിസ് നടത്താവൂ. തെരുവ് കച്ചവടക്കാര്‍ ബീച്ചില്‍ മാര്‍ക്ക് ചെയ്ത് അനുവദിക്കുന്ന സ്ഥലങ്ങളില്‍ ഇരുന്ന് മാത്രമേ കച്ചവടം ചെയ്യാവൂ.
ഓട്ടോറിക്ഷകള്‍ മീറ്റര്‍ചാര്‍ജും ടാക്‌സികള്‍ അംഗീകൃത ചാര്‍ജും മാത്രമേ ഈടാക്കാവുയെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും പൊലിസ് നല്‍കിയിട്ടുണ്ട്. സഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാന്‍ മുപ്പതോളം പൊലിസുകാരെ എട്ട് സ്ഥിരം പൊലിസ് പിക്കറ്റുകളിലും തീരത്തെ പെട്രോളിങ്ങിനുമായി നിയോഗിക്കും.
ലൈറ്റ് ഹൗസ് ബീച്ച് മുതല്‍ സമുദ്ര ബീച്ച് വരെ ടൂറിസം കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന റോഡുകള്‍, ടൂറിസ്റ്റ് സ്‌പോട്ടുകള്‍ എന്നിവിടങ്ങളിലെ വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളും പരോഗമിക്കുന്നുണ്ട്. അപകടമേഖലകളിലെ മുന്നറിയിപ്പുകള്‍ വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബീച്ചിലേക്കുള്ള മൂന്ന് പ്രധാന കവാടങ്ങള്‍ക്കുമുന്നിലും നാലുഭാഷകളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇടക്കല്ല് ഭാഗത്ത് പൊലിസ് മുന്നറിയിപ്പ് രേഖപ്പെടുത്തിയ വേലികള്‍, ബീച്ചില്‍ പബ്ലിക്ക് അനൗണ്‍സ്‌മെന്റ്, സുരക്ഷാ അലാറം സംവിധാനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ആഘോഷ രാവുകളിലെ തിരക്കിന് മുന്‍പായി നടത്തുന്ന അവലോകനയോഗം ഇന്ന് വൈകിട്ട് ആഴാകുളത്തെ ദീപാ ഓഡിറ്റോറിയത്തില്‍ നടക്കും.ബീച്ചിലെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ച് സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് കോവളം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."