2018ല്‍ ജില്ലയില്‍ 10,485 പേര്‍ക്ക് പുതുജീവനേകി 108 ആംബുലന്‍സുകള്‍
തിരുവനന്തപുരം: 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെ 10,485 പേര്‍ക്ക് പുതുജീവനേകി തിരുവനന്തപുരം ജില്ലയിലെ 108 ആംബുലന്‍സുകള്‍.
ഇതില്‍ 3037 കേസുകള്‍ വാഹനപകടങ്ങളായിരുന്നു. കൂടാതെ ജില്ലയില്‍ മാത്രം 220 ഗര്‍ഭിണികള്‍ക്ക് ഈ വര്‍ഷം 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കാന്‍ സാധിച്ചു.
മറ്റ് 7228 കേസുകള്‍ ഹൃദയാഘാതം, ബോധക്ഷയം, ആശുപത്രികളില്‍ നിന്നുള്ള റഫറന്‍സുകള്‍ ഉള്‍പ്പടെയുള്ള ജനറല്‍ കേസുകളാണ്.
പ്രളയകെടുത്തി പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ നിന്ന് മൂന്ന് 108 ആംബുലന്‍സുകളുടെ സേവനം ചെങ്ങനൂരില്‍ ലഭ്യമാക്കിയിരുന്നു. സര്‍വിസ് തുടങ്ങി ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലായി 20,234 ആളുകള്‍ 108 ആംബുലന്‍സിന്റെ സേവനം ഉപയോഗിച്ചു. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ഇരുപത്തിനാലെണ്ണത്തില്‍ പതിനാറ് 108 ആംബുലന്‍സുകള്‍ സര്‍വിസ് നടത്തുന്നുണ്ട്.
ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കല്ലറ, കിളിമാനൂര്‍, വിതുര, വെള്ളറട, വെള്ളനാട്, മലയിന്‍കീഴ്, നേമം, വിഴിഞ്ഞം, ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, പേരൂര്‍ക്കട, ഫോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ 108 ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാണ്. ഇതില്‍ അപകടസാധ്യത കൂടുതലുള്ള മേഖലകള്‍ ക്രമീകരിച്ച് ആംബുലന്‍സുകളില്‍ അതിനുസരിച്ച് സര്‍വിസ് നടത്തുന്നുണ്ട്.
ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് വൈദ്യസഹായം എത്തിക്കാന്‍ പമ്പയിലും നിലക്കലിലും ജില്ലയില്‍ നിന്ന് ഓരോ 108 ആംബുലന്‍സുകള്‍ വീതം സേവനരംഗത്തുണ്ട്. ബഹു. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം സി.എഫ്.ടി അറ്റകുറ്റപണികള്‍ക്കായി വര്‍ക്ഷോപ്പില്‍ കയറിയ ആംബുലന്‍സുകള്‍ ഓരോന്നായി നിരത്തിലിറങ്ങി സര്‍വിസ് പുനരാരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.വി അരുണ്‍ പറഞ്ഞു.
ഇതിനായി ജീവനക്കാരില്‍ നിന്ന് ഒരാളെ തന്നെ വെഹിക്കിള്‍ സൂപ്പര്‍വൈസറായി താല്‍കാലിക നിയമനം നല്‍കിയിട്ടുണ്ടെന്നും ജനുവരി അവസാനത്തോടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി വര്‍ക്ഷോപ്പിലുള്ള ആംബുലന്‍സുകളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ സര്‍വിസ് നടത്തുന്നവയില്‍ കാലപ്പഴക്കം ചെന്ന് അറ്റകുറ്റപണികള്‍ ആവശ്യമായി വരുന്ന ആംബുലന്‍സുകള്‍ മാറ്റി പകരം പുതിയവ നല്‍കാനുള്ള നടപടികള്‍ നടക്കുകയാണെന്ന് കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."