വാര്‍ഷിക പദ്ധതി അവലോകനം; പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തണം: മന്ത്രി
കൊല്ലം: ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണവും തുക വിനിയോഗവും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശിച്ചു. കൊല്ലം ടി.എം വര്‍ഗീസ് സ്മാരക ഹാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2018 - 19 വാര്‍ഷിക പദ്ധതി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ജിനിയറിങ് മേഖലയിലുള്‍പ്പടെ പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കേണ്ടതുണ്ട്. നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുവര്‍ഷം ലഭിച്ചിട്ടും അവസാന ഘട്ടത്തില്‍ മാത്രം തുക ചെലവഴിക്കുന്ന പ്രവണതയില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. നിര്‍വഹണ ഉദ്യോഗസ്ഥരും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും വിശദമായി ചര്‍ച്ച ചെയ്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണം മന്ത്രി പറഞ്ഞു. ഇന്നലെ ഉച്ചവരെ കൊല്ലം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിത ചെലവ് 52.07 ശതമാനമാണ്. പഞ്ചായത്തുകള്‍ 58.48, ബ്ലോക്ക് പഞ്ചായത്തുകള്‍ 53, ജില്ലാ പഞ്ചായത്ത് 45.22, നഗരസഭ 47.38, കോര്‍പ്പറേഷന്‍ 31.02 എന്നിങ്ങനെയാണ് വിവിധ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗം.
വെളിനല്ലൂര്‍ (66.92), കുണ്ടറ (64.16), തെക്കുംഭാഗം (61.74), ശാസ്താംകോട്ട(61.25), കല്ലുവാതുക്കല്‍(60.98) എന്നിവയാണ് പദ്ധതി തുക ചെലവിട്ടതില്‍ മുന്‍പന്തിയിലെത്തിയ പഞ്ചായത്തുകള്‍. ബ്ലോക്ക് പഞ്ചായത്തുകളില്‍ മുഖത്തല(60.49), ഇത്തിക്കര(54.24), ചിറ്റുമല(50.13) എന്നിവയാണ് മുന്നില്‍. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതി പ്രവര്‍ത്തനങ്ങളും തുക വിനിയോഗവും സംബന്ധിച്ച വിശദാംശങ്ങള്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. പദ്ധതി നിര്‍വഹണത്തില്‍ നേരിടുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ വിശദമാക്കി. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, ഗ്രാമ വികസന കമ്മിഷനര്‍ എന്‍. പത്മകുമാര്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, പരവൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി കുറുപ്പ്, പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.എ രാജഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ്. സജീഷ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഷൈലാ സലിംലാല്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. ഷാജി സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."