കോതമംഗലം പള്ളിത്തര്‍ക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടിസ്
കൊച്ചി: കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും പേരില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ് അയച്ചു. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ കോടതി, കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്പാന് തോമസ് പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.
അതേസമയം, കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്സ് റമ്പാനെ വിശ്വാസികള്‍ തടഞ്ഞിട്ട് 24 മണിക്കൂറാകുന്നു. കാറില്‍ നിന്നിറങ്ങാന്‍ സമ്മതിക്കാതെ യാക്കോബായ വിഭാഗം വളഞ്ഞതോടെ തിരിച്ചു പോകില്ലെന്ന നിലപാടില്‍ റമ്പാന് കാറില്‍ തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു.
ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് പൊലിസിനെതിരേ തോമസ് പോള്‍ റമ്പാന് കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് പൊലിസ് ഏറ്റുവാങ്ങിയത്.ഈ സാഹചര്യത്തിലായിരുന്നു പൊലിസ് സംരക്ഷണത്തോടെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ ചെറിയപള്ളിയില്‍ തോമസ് പോള്‍ റമ്പാന് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."