ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ രാജേഷിന്റെ വീട്ടിലെത്തി മൊഴിയെടുത്തു
ശ്രീകാര്യം: കല്ലമ്പള്ളി വിനായക നഗറില്‍ വെട്ടേറ്റുമരിച്ച ആര്‍.എസ്.എസ് നേതാവ് രാജേഷിന്റെ വീട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ച് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ രാവിലെ 11.30 ഓടുകൂടിയാണ് കമ്മിഷന്‍ അംഗങ്ങളായ എസ്.പി സുമേദ നിവേദിനി, ഡിവൈ.എസ്.പിമാരായ ഐ.ആര്‍ കുര്യലോസ്, രവിസിങ്ങ്, ഇന്‍സ്‌പെക്ടര്‍മാരായ ബിമന്‍ജിത് ഉപ്പന്‍, രാജേന്ദ്രസിങ് എന്നിവരടങ്ങുന്ന സംഘം രാജേഷിന്റെ വീട്ടിലെത്തി രാജേഷിന്റെ പിതാവ് സുദര്‍ശനന്‍, മാതാവ് ലളിത, ഭാര്യ റീന, സഹോദരന്‍ രാജീവ് എന്നിവരുടെ മൊഴി രേഖപ്പെടുത്തിയത്.
പട്ടികജാതിക്കാരനായ രാജേഷിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്കെതിരേ പട്ടികജാതി പീഢനവിരുദ്ധ നിയമപ്രകാരം ആദ്യം പൊലിസ് കേസെടുക്കുവാന്‍ തയാറായില്ലെന്നും പട്ടികജാതി പട്ടികവര്‍ഗ ദേശീയ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ മുരുകേശന്‍ വീട് സന്ദര്‍ശിച്ച ശേഷം ഡി.ജി.പിയ്ക്ക് നല്‍കിയ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്നും കേസിലെ പന്ത്രണ്ടാം പ്രതിയായ കാട്ടാക്കട സ്വദേശി വിഷ്ണു മോഹനന് അറസ്റ്റിലായി മൂന്നാം ദിവസം കോടതി ജാമ്യം നല്‍കിയതായും രാജേഷിന്റെ പിതാവ് കമ്മിഷനോട് പറഞ്ഞു. രാജേഷിന്റെ സഹോദരന്‍ രാജീവിന് കൊലപാതകത്തിന് മുമ്പ് വധഭീഷണി ഉണ്ടായിരുന്നുവെന്നും കൊലപാതകം നടന്ന ദിവസം പൊലിസോ മറ്റുള്ളവരോ സ്ഥലത്ത് ഉടന്‍ എത്താതിരിക്കുന്നതിനു വേണ്ടി ആക്രമിസംഘം ബോംബെറിഞ്ഞുവെന്നും ഇത് പൊലിസിന്റെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ കമ്മിഷനെ അറിയിച്ചു.
ഒന്നര മണിക്കൂറിലേറെ മൊഴിയെടുത്ത ശേഷമാണ് സംഘം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."