വിദ്യാര്‍ഥിക്ക് മര്‍ദനം: കായികാധ്യാപകനെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്
മലയിന്‍കീഴ്: ക്ലാസ് മുറിയില്‍ ബഹളം വച്ചുവെന്ന് ആരോപിച്ച് ഒന്‍പതാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കായികാധ്യാപകനെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. വലതു കൈക്ക് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്. പേയാട് പള്ളിമുക്കിലെ എയ്ഡഡ് ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പുളിയറക്കോണം വെള്ളൈക്കടവ് തിട്ടയത്തുവിള വീട്ടില്‍ വിജയന് മഞ്ചുഷ ദമ്പതികളുടെ മകനായ പതിനാലുകാരനാണ് മര്‍ദനമേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് സംഭവം. ക്ലാസില്‍ അധ്യാപകന് ഇല്ലാത്ത സമയത്ത് കുട്ടികള്‍ ബഹളം വച്ചു. ഡസ്ക്കില്‍ താളം പിടിച്ചിരിക്കുകയായിരുന്നു മിഥുന്. ഈ സമയം അതുവഴി വരികയായിരുന്ന കായികാധ്യാപകന് ഷാജി ഡസ്ക്കില്‍ കൊട്ടിക്കൊണ്ടിരുന്ന മിഥുന്റെ തോളില്‍ കൈ മുറുക്കി പല പ്രാവശ്യം ഇടിക്കുകയും വലതു കൈത്തണ്ടയില്‍ ശക്തിയായി അടിക്കുകയും ചെയ്യുകയായിരുന്നു. കുട്ടി വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ കൈയും തോള്‍ഭാഗവും നീരുകൊണ്ട് വീര്‍ത്തത് കണ്ട് മാതാപിതാക്കള്‍ കുട്ടിയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മിഥുന്റെ കൈത്തണ്ടയിലും തോളിലും ചതവും നീര്ക്കെട്ടുമുള്ളതിനാല് പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മിഥുന്റെ പിതാവ് ചൈല്‍ഡ് ലൈനിലും വിളപ്പില്‍ശാല പോലിസിലും കായികാധ്യാപകനെതിരേ പരാതി നല്കി. തുടര്‍ന്നാണ് അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."