സഊദിയും റിലയന്‍സും കൈകോര്‍ക്കുന്നു; ഇന്ത്യയില്‍ വന്‍കിട പദ്ധതികള്‍ വന്നേക്കും
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യമായ സഊദി അറേബ്യ ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി കൈകോര്‍ക്കുന്നു. പെട്രോകെമിക്കല്‍, റിഫൈനറി മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങളിറക്കി വന്‍കിട പദ്ധതികള്‍ ഒരുക്കുന്നതിനാണ് ഇരുകൂട്ടരും സഹകരിക്കുന്നത്. റിലയന്‍സ് കമ്പനി ഉടമ മുകേഷ് അംബാനിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സഊദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ഫാലിഹ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന അംബാനിയുടെ മകളുടെ വിവാഹത്തിനു മുന്നോടിയായുള്ള വിരുന്നില്‍ പങ്കെടുക്കാന്‍ സഊദി മന്ത്രിയും എത്തിയിരുന്നു.
പെട്രോകെമിക്കല്‍, റിഫൈനറി, കമ്മ്യൂണിക്കേഷന്‍ പദ്ധതികളില്‍ സംയുക്ത നിക്ഷേപവും സഹകരണവും ചര്‍ച്ച ചെയ്‌തെന്ന് ട്വീറ്റില്‍ മന്ത്രി അല്‍ഫാലിഹ് വ്യക്തമാക്കി. ചര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ റിലയന്‍സും പുറത്തു വിട്ടിട്ടില്ല. അംബാനിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു.
ലോകത്തെ ഇന്ധന വിപണിയില്‍ ഏറെ സ്ഥാനമുള്ള ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ സഊദി നേരത്തെ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സഊദി അരാംകോയും പങ്കാളിയായ യുഎഇയിലെ അബുദബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്‌നോക്ക്) മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ഏറ്റവും വലിയ റിഫൈനറി നിര്‍മ്മാണം നടന്നു വരികയാണ്. ഇതില്‍ അന്‍പത് ശതമാനം ഓഹരിയാണുള്ളത്. 2025 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ റിഫൈനറിക്ക് 600 ലക്ഷം ടണ്‍ വാര്‍ഷിക ഉല്‍പ്പാദന ശേഷി ഉണ്ടായിരിക്കും. എന്നാല്‍, നിലവില്‍ സ്ഥലമേറ്റെടുക്കലിനെതിരെ പ്രാദേശിക പ്രക്ഷോഭം കാരണം ഈ പദ്ധതി ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
ഇവിടേക്ക് ആവശ്യമായി ക്രൂഡോയിലിന്റെ പകുതിയും വിതരണം ചെയ്യുന്നത് സൗദി അരാംകോയും അഡ്‌നോക്കും ആയിരിക്കും. ഇന്ത്യയില്‍ ചില്ലറ വില്‍പ്പന രംഗത്തും സൗദി അരാംകോയ്ക്ക് കണ്ണുണ്ട്. ഇക്കാര്യം നേരത്തെ തന്നെ അരാംകോ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."