പുതിയ ഐ.ടി നിയമം: എന്തൊക്കെ, എവിടെ നിന്നൊക്കെ ചോര്‍ത്താം
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം ഐടി നിയമത്തില്‍ കംപ്യൂട്ടറായി നിര്‍വചിച്ചിട്ടുള്ള ഏത് ഉപകരണത്തില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്താനാവും. ഇതനുസരിച്ച് യുക്തി, ഗണിത, മെമ്മറി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഏതു ഇലക്ട്രോണിക് മാഗ്നറ്റിക്്, ഒപ്റ്റിക്കല്‍, ഹൈ സ്പീഡ് ഡാറ്റ പ്രൊസസിങ് ഉപകരണങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാനാവും.
പൗരന്‍മാരുടെ അനുവാദം കൂടാതെ, അവരുടെ കംപ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കും.
വിവരങ്ങള്‍ വിട്ടു കൊടുക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് പുതിയ ഉത്തരവ്.
ഇന്റര്‍നെറ്റ് വരിക്കാര്‍, സേവന ദാതാക്കള്‍, കംപ്യൂട്ടര്‍ ഉപഭോക്താക്കള്‍ എന്നിവര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ വെളിപ്പെടുത്തണം.
ഒരു കംപ്യൂട്ടറില്‍ രൂപപ്പെടുത്തിയതോ കൈമാറ്റത്തിലൂടെ സ്വീകരിക്കപ്പെട്ടതോ ശേഖരിച്ചു വച്ചിരിക്കുന്നതോ ആയ വിവരങ്ങളെല്ലാം തന്നെ നിരോധിക്കാനോ നിരീക്ഷിക്കാനോ എന്‍ക്രിപ്റ്റ് (മൂന്നാമതൊരാള്‍ക്ക് ലഭിക്കാത്ത രൂപത്തില്‍ രഹസ്യമാക്കിവെക്കുക) ചെയ്തിരിക്കുന്ന വിവരങ്ങള്‍ ഡിക്രിപ്റ്റ് ചെയ്‌തെടുക്കാനോ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നതാണ് ഉത്തരവ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മാത്രമേ മുന്‍പ് ആളുകളുടെ ഫോണുകളും ഇമെയിലുകളും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നിരീക്ഷിക്കാന്‍ അധികാരം ഉണ്ടായിരുന്നുള്ളു.
എന്നാല്‍ ഇനി മുതല്‍ പത്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് പൗരന്‍മാരുടെ കംപ്യൂട്ടര്‍ വിവരങ്ങളില്‍ കൈകടത്താനാകും.
അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരം വിവരങ്ങള്‍ വിട്ടു കൊടുക്കാതിരുന്നാല്‍ വ്യക്തിക്കും സേവന ദാതാക്കള്‍ക്കും ഏഴു വര്‍ഷം വരെ തടവും പിഴയും ലഭ്യമാക്കുന്ന വിധത്തിലാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം 2000ലെ 69 (1) വകുപ്പിന്റെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
രാജ്യസുരക്ഷ, അഖണ്ഡത, പ്രതിരോധം, നയതന്ത്രബന്ധം, ക്രമസമാധാനം എന്നിവയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ വിവരങ്ങള്‍ പരിശോധിക്കാം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എല്ലാ പൗരന്‍മാരുടെയും വിവരങ്ങള്‍ നിയന്ത്രിക്കാം എന്നാക്കി മാറ്റിയിരിക്കുന്നത്. കൈമാറ്റം ചെയ്യപ്പെട്ട വിവരങ്ങള്‍ മാത്രം പരിശോധിക്കാനേ നേരത്തെ കഴിഞ്ഞിരുന്നുള്ളു.
എന്നാല്‍, പുതിയ ഉത്തരവിറങ്ങിയതോടെ കംപ്യൂട്ടറുകളില്‍ രൂപപ്പെടുത്തിയെടുത്തതും ശേഖരിച്ചു വച്ചിരിക്കുന്നതുമായ വിവരങ്ങള്‍ അനായാസേന അന്വേഷണ ഏജന്‍സികളുടെ കൈകളിലെത്തും.
വിവര പരിശോധനയ്ക്കു പുറമേ വിവരങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്ന കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അന്വേഷണ സംഘങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ കഴിയും.
മുന്‍പ് ഇത്തരം വിവരങ്ങള്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് നേരിട്ട് നിയന്ത്രണമോ നിരീക്ഷണമോ സംസ്ഥാന പൊലിസിന്റെ സഹകരണത്തോടെ അല്ലാതെ സാധ്യമല്ലായിരുന്നു.
പുതിയ ഉത്തരവ് വന്നതോടെ ആ തടസവും നീങ്ങി. മുന്‍പ് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടു കൂടി മാത്രമാണ് ഫോണ്‍ കോളുകള്‍ പോലും പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു സാധിച്ചിരുന്നത്.
പിന്നീട് 2011ല്‍ ഈ നിബന്ധന പരിഷ്‌കരിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്കു കൂടി പരിധി വ്യാപിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."