ജുലാഷിന്റെ സത്യസന്ധതയ്ക്ക് ദുബൈ പൊലിസിന്റെ സമ്മാനം
കൊടുങ്ങല്ലൂര്‍: മരുഭൂമിയിലെ കൊടുംചൂടില്‍ വറ്റാത്ത നന്‍മയുമായി കൊടുങ്ങല്ലൂര്‍കാരന്‍. ജുലാഷിന്റെ സത്യസന്ധത തണലായത് നിര്‍ധന കുടുംബത്തിലെ യുവതിയുടെ വിവാഹ സ്വപ്നത്തിന്.
തമിഴ്‌നാട് സ്വദേശിയായ ശെല്‍വരാജ് എന്ന 67കാരന്റെ പക്കല്‍ നിന്നു നഷ്ടപ്പെട്ട 24000 ദിര്‍ഹം തിരികെ നല്‍കി മാതൃകയായത് കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി ജുലാഷ് എന്ന യുവാവാണ്. ജുലാഷിന്റെ ന•ക്ക് ദുബൈ പൊലിസിന്റ സാക്ഷ്യപത്രം സമ്മാനമായി ലഭിച്ചു.
ഇക്കഴിഞ്ഞ 28നാണ് ജുലാഷിന് റഫയില്‍ നിന്നും ബാഗ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ അതില്‍ 24000 ദിര്‍ഹത്തിന്റെ നോട്ടുകളും ഒരു പഴയ ഐഫോണും ലഭിച്ചു. ഉടന്‍ തന്നെ ഇയാള്‍ പൊലിസില്‍ വിവരമറിയിച്ചു. റഫാ പൊലിസ് സ്ഥലത്തെത്തുകയും ബാഗ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
റഫ പൊലിസ് സ്റ്റേഷനില്‍ വെച്ച് ഫോണിലെ സിം കാര്‍ഡ് ഉപയോഗിച്ച് ബാഗിന്റെ ഉടമയെ കണ്ടെത്തി. ഒരു ഹോട്ടലിലെ ഷെഫ് ആയ തമിഴ്‌നാട് സ്വദേശി ശെല്‍വരാജ് മകളുടെ വിവാഹാവശ്യത്തിനുള്ള പണം നാട്ടിലേക്ക് അയക്കാന്‍ പോകുന്നതിനിടയിലാണ് ബാഗ് നഷ്ടപ്പെട്ടത്.
റഫാ പൊലിസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ശെല്‍വരാജ് പണം കൈപ്പറ്റി. മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ സമ്പാദ്യം നഷ്ടമായതിനെ തുടര്‍ന്ന് മനസ് തകര്‍ന്ന ആ പിതാവ് നഷ്ടപ്പെട്ടു എന്നു കരുതിയ പണം തിരികെ ലഭിച്ചെന്നറിഞ്ഞപ്പോള്‍ തന്നെ ചേര്‍ത്തു പിടിച്ചു പൊഴിച്ച കണ്ണീരാണ് ഏറ്റവും വിലപ്പെട്ട സമ്മാനമെന്ന് ജുലാഷ് പറഞ്ഞു.
1700 ദിര്‍ഹം പ്രതിമാസ ശമ്പളത്തിലാണ് ശെല്‍വരാജ് ജോലി ചെയ്തിരുന്നത്.
രണ്ട് പെണ്‍മക്കളില്‍ ഒരാളുടെ വിവാഹത്തിനായി ദീര്‍ഘകാലമായി സ്വരൂപിച്ചു വെച്ച പണമാണ് കൈമോശം വന്നത്. ഈ പണം തിരികെ ലഭിച്ചില്ലെങ്കില്‍ മരിക്കുക അല്ലാതെ മറ്റു വഴികള്‍ ആ സാധു മനുഷ്യന് മുന്‍പില്‍ ഉണ്ടായിരുന്നില്ല.
ശെല്‍വരാജിന് നഷ്ടമായി എന്നു കരുതിയ പണം തിരികെ ലഭിച്ച സന്തോഷത്തില്‍ ദുബൈ പൊലിസും പങ്കാളികളായി. സത്യസന്ധതയ്ക്ക് പ്രതിഫലമായി അഭിനന്ദന പത്രം നല്‍കി ദുബായ് പൊലിസ് ജുലാഷിനെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."