അമേരിക്ക അഫ്ഗാനില്‍നിന്ന് 7,000 സൈനികരെ പിന്‍വലിക്കുന്നു
കാബൂള്‍: അമേരിക്ക അഫ്ഗാനിസ്താനില്‍നിന്ന് 7,000ത്തോളം സൈനികരെ പിന്‍വലിക്കുന്നു. നിലവില്‍ അഫ്ഗാനിലുള്ള യു.എസ് സൈനികരുടെ പകുതിയോളം വരുമിത്. വൈറ്റ് ഹൗസിലെ പേര് വെളുപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സിറിയയില്‍ ഐ.എസിനെതിരായ നീക്കം നടത്തുന്ന സൈനികരെ പിന്‍വലിക്കുന്ന കാര്യം ട്രംപ് പ്രഖ്യാപിച്ചതിനു പിറകെയാണു പുതിയ നീക്കം വാര്‍ത്തയാകുന്നത്. സിറിയയിലെ സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചതും ഇന്നലെയാണ്. അഫ്ഗാനിലെ സൈനിക അംഗസംഖ്യ കുറയ്ക്കുന്ന കാര്യം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം പ്രതിരോധവൃത്തങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇത്രയും പെട്ടെന്ന് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പ്രതികരണമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒരു താലിബാന്‍ നേതാവ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് കാബൂളില്‍ പ്രതികരിച്ചു. തീരുമാനത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷമാണ് അമേരിക്ക അഫ്ഗാനിസ്താനില്‍ നേരിട്ട് സൈനിക നടപടി ആരംഭിച്ചത്. ആക്രമണത്തിന്റെ സൂത്രധാരനെന്ന് അമേരിക്ക ആരോപിക്കുന്ന ഉസാമാ ബിന്‍ലാദനെ ഭീകര സംഘടന അല്‍ഖാഇദ വിട്ടുനല്‍കാന്‍ വിസമ്മതിച്ചതോടെയായിരുന്നു സഖ്യകക്ഷികളുമായി അമേരിക്ക അഫ്ഗാനില്‍ പോരാട്ടത്തിനു തുടക്കം കുറിച്ചത്. ബിന്‍ലാദനെ പിന്നീട് 2011ല്‍ പാകിസ്താനിലെ അബട്ടാബാദില്‍ നടത്തിയ സൈനിക ഓപറേഷനില്‍ കൊലപ്പെടുത്തുകയുണ്ടായി. യു.എസ് നേതൃത്വത്തിലുള്ള സൈനിക നടപടികള്‍ 2014ല്‍ ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും പതിനായിരത്തിലേറെ സൈനികരെ രാജ്യത്തുതന്നെ നിലനിര്‍ത്തി. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തില്‍ 2,300ഓളം സൈനികരെയും അവര്‍ക്കു നഷ്ടപ്പെട്ടിട്ടുണ്ട്.
അഫ്ഗാനില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുകയാണെങ്കില്‍ അത് അമേരിക്കന്‍ യുദ്ധനയത്തിനേറ്റ തിരിച്ചടിയാണെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. താലിബാന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകാന്‍ ഇത് ഉപകരിക്കുമെന്നും നിരീക്ഷണമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഫ്ഗാനില്‍നിന്നു സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. അമേരിക്കക്ക് സാമ്പത്തികനഷ്ടം മാത്രമാണ് ഇതുവഴിയുണ്ടാകുന്നതെന്നാണ് ട്രംപിന്റെ നിലപാട്. എന്നാല്‍, അധികാരമേറ്റ ശേഷം ഇക്കാര്യത്തില്‍ നടപടിയൊന്നുമുണ്ടായില്ല. 3,000 സൈനികരെ കൂടി അഫ്ഗാനിലേക്ക് അയക്കുമെന്ന് കഴിഞ്ഞ വര്‍ഷം ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."