ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചതായി ആരോപണം
എരുമപ്പെട്ടി: വേലൂര്‍ ഗവ: രാജാസര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ പവലിയന്‍ ഉദ്ഘാടനത്തിനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിനെ സ്‌കൂള്‍ അധികൃതര്‍ അപമാനിച്ചതായി ആക്ഷേപം.
സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ ചടങ്ങ് ബഹിഷ്‌കരിച്ച് വേദിയില്‍ നിന്നു ഇറങ്ങിപ്പോയി.
വേലൂര്‍ ഗവ: ആര്‍.എസ്.ആര്‍.വി.സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ ചിലവഴിച്ചാണ് സ്‌പോര്‍ട്‌സ് പവലിയന്‍ നിര്‍മിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കല്യാണി എസ്.നായര്‍ സ്‌കൂള്‍ അധികൃതരുമായി കൂടിയാലോചിച്ച് ബുധനാഴ്ച മൂന്ന് മണിക്ക് ഉദ്ഘാടനം തീരുമാനിക്കുകയും നോട്ടീസടിച്ച് വിതരണം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനത്തിനെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പത്മിനി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്.നായര്‍, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന രാമചന്ദ്രന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ ചടങ്ങിനെത്തിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ പങ്കെടുക്കാതെ വിട്ട് നിന്നു.
പ്രധാന അധ്യാപകന്‍, പ്രിന്‍സിപ്പാള്‍, പി.ടി.എ.പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ സ്‌കൂളില്‍ ഉണ്ടായിരുന്നെങ്കിലും പവലിയനിലേക്ക് എത്തിച്ചേര്‍ന്നില്ല.
പി.ടി.എ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ ചടങ്ങ് സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് സ്‌കൂള്‍ അധികൃതര്‍ ചടങ്ങ് ബഹിഷ്‌കരിച്ചതെന്നാണ് അറിയുന്നത്. കുട്ടികളേയും ചടങ്ങില്‍ പങ്കെടുപ്പിച്ചില്ലെന്നും ആരോപണമുണ്ട്.
അവഗണനയില്‍ രോഷംപൂണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്‌കൂളിനുള്ളില്‍ ഒരുക്കിയ വേദിയില്‍ കയറാതെ കുട്ടികള്‍ക്ക് വേണ്ടി ഉദ്ഘാടനം നടത്തുന്നുവെന്ന് പ്രഖ്യാപിച്ച് മടങ്ങിപോയി. തന്നെ വിളിച്ച് വരുത്തി അപമാനിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, പ്രധാന അധ്യാപിക ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."