കണ്ടക്ടര്‍ നിയമനം പൂര്‍ത്തിയാകാന്‍ 45 ദിവസമെടുക്കും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ കണ്ടക്ടര്‍ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ 45 ദിവസമെടുക്കും. പി.എസ്.സിയുടെ നിയമം അനുസരിച്ച് നിയമന ഉത്തരവ് അയച്ച് 45 ദിവസം വരെ ഉദ്യോഗാര്‍ഥിക്ക് ജോലിയില്‍ ചേരാനുള്ള അവസരമുണ്ട്. അല്ലെങ്കില്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥി നേരിട്ടെത്തി ജോലിയില്‍ പ്രവേശിക്കാന്‍ താല്പര്യമില്ലെന്ന് രേഖാമൂലം അറിയിച്ചാല്‍ മാത്രമേ കെ.എസ്.ആര്.ടി.സിക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫെബ്രുവരി ആദ്യത്തില്‍ മാത്രമേ കെ.എസ്.ആര്.ടി.സിയിലെ കണ്ടക്ടര്‍ നിയമന നടപടികള്‍ പൂര്‍ത്തിയാകൂ.
അതിനിടെ, കെ.എസ്.ആര്.ടി.സിയില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായി സി.എം.ഡി ടോമിന് തച്ചങ്കരി പറഞ്ഞു. ഉച്ചക്ക് തിരക്കില്ലാത്ത സമയത്ത് ബസുകള്‍ നിര്‍ത്തിയിടുന്നതിനും അതിനുശേഷം സര്‍വിസ് പുനരാരംഭിക്കുന്നതുമായ സംവിധാനം നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായി ബസുകള്‍ ഓടുന്നത് ഒഴിവാക്കുന്നതിനായി എത്രയുംവേഗം ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കും. ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ വൈകുന്നത് ഒഴിവാക്കാന്‍ നിശ്ചിത സ്റ്റോപ്പുകളില്‍ അല്ലാതെ ബസുകള്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കുമെന്നും കണ്ടക്ടര്‍ കം ഡ്രൈവര്‍ സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."