എം പാനലുകാരെ നിയമിക്കാം
കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിച്ചശേഷം വരുന്ന ഒഴിവുകളിലേക്ക് എം പാനലുകാരെയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ നിയമിക്കാമെന്ന് ഹൈക്കോടതി.
ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 180 ദിവസങ്ങളില്‍ കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരുടെ നിയമനം നീട്ടിക്കൊണ്ടുപോയത് ചട്ടവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. താല്‍ക്കാലിക നിയമനം നീട്ടിക്കൊണ്ടുപോയി പി.എസ്.സി വഴിയുള്ള നിയമനം നിയന്ത്രിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
നിലവിലുള്ള സാഹചര്യം കണക്കിലെടുത്താണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവിട്ടത്. കേസ് ജനുവരി ഏഴിന് വീണ്ടും പരിഗണിക്കും.
പിരിച്ചുവിട്ട എം പാനലുകാരെ
തിരിച്ചെടുക്കാന്‍ സാധ്യതയില്ല
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട എം പാനലുകാരെ തിരിച്ചെടുക്കാനുള്ള സാധ്യത കുറവ്.
എം പാനലുകാരെ നിയമവിധേയമായി നിയമിക്കാമെന്ന ഹൈക്കോടതിയുടെ പുതിയ ഉത്തരവ് ചൂണ്ടിക്കാണിച്ച് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ തച്ചങ്കരി ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തുനല്‍കി. പിരിച്ചുവിടപ്പെട്ട എം പാനലുകാരുടെ കാര്യത്തില്‍ ഇനി എന്ത് നടപടി സ്വീകരിക്കണമെന്ന് കത്തിലൂടെ ചോദിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ തീരുമാനമാണ് ഇനി വേണ്ടതെന്നും തച്ചങ്കരി പറഞ്ഞു.
പിരിച്ചുവിടപ്പെട്ട എം പാനലുകാരെ തിരിച്ചെടുത്താലും അവര്‍ക്ക് സീനിയോരിറ്റി ലഭിക്കില്ല. പുതിയ ജീവനക്കാരായി വേണം ജോലിയില്‍ പ്രവേശിക്കാന്‍.
ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം പ്രഥമ പരിഗണന പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും രണ്ടാം സ്ഥാനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ളവര്‍ക്കുമാണ്. ഇതിനുശേഷം നിയമം അനുവദിക്കുകയാണെങ്കില്‍ പിരിച്ചുവിടപ്പെട്ട എം പാനലുകാരെ നിയമിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. പിരിച്ചുവിടപ്പെട്ടവര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെടാന്‍ അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിച്ച് വരുന്നവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ ജോലി ചെയ്തതിന്റെ ഒരു പരിഗണനയും ലഭിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തന്നെ സൂചിപ്പിക്കുന്നു. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി, ഗതാഗത മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും സി.എം.ഡി കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."