നാടന്‍ പശുക്കളില്‍ ഭ്രൂണമാറ്റ പദ്ധതിയുമായി കെ.എല്‍.ഡി ബോര്‍ഡ്
തൊടുപുഴ: സംസ്ഥാനത്ത് നാടന്‍ പശുക്കളിലെ ഭ്രൂണമാറ്റ പദ്ധതിയുമായി കേരളാ ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ്. അന്യം നിന്നുകൊണ്ടിരിക്കുന്ന തദ്ദേശ ജനുസുകളുടെ കൂടുതല്‍ കുട്ടികളെ കുറഞ്ഞ സമയത്തിനുള്ളില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഭ്രൂണമാറ്റ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതിനാണ് പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
രാജ്യത്ത് 15 സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി നടപ്പിലാക്കുവാന്‍ അനുമതിയും ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഇതിനായി കെ.എല്‍.ഡി ബോര്‍ഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വെച്ചൂര്‍, സഹിവാള്‍ എന്നീ ഇനങ്ങളുടെ കുട്ടികളെ ഉല്‍പാദിപ്പിക്കുവാനാണ് പദ്ധതി. 2.48 കോടി രൂപ കേന്ദ്ര ഫണ്ട് കെ.എല്‍.ഡി ബോര്‍ഡിന് ലഭിച്ചുകഴിഞ്ഞു. മൂന്ന് വര്‍ഷം കൊണ്ട് 20 വെച്ചൂര്‍ കുട്ടികളേയും 110 സഹിവാള്‍ കുട്ടികളേയും ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണം കുറയുന്നതാണ് ഇത്തരം പദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ കാരണം. 2003 ല്‍ 21.22 ലക്ഷം കന്നുകാലികളുണ്ടായിരുന്നെങ്കില്‍ 2012 ലെ സെന്‍സസ് പ്രകാരം അത് 13.29 ലക്ഷം ആയി കുറഞ്ഞു. ഇനി ഔദ്യോഗിക സെന്‍സസ് 2019 ല്‍ ആണെങ്കിലും അനൗദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണം 10 ലക്ഷത്തില്‍ താഴെയായി. കന്നുകാലികളുടെ എണ്ണത്തില്‍ ഇനിയും കുറവ് വരുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് കെ.എല്‍.ഡി ബോര്‍ഡിന്റെ വിലയിരുത്തല്‍. എന്നാല്‍ പാലുല്‍പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം വലിയ മുന്നേറ്റമാണ് നടത്തുന്നത്. പശുക്കളുടെ പാലുല്‍പാദനം എന്ന പ്രകൃതിദത്തമായ കഴിവിനെ, അവയുടെ ജനിതകശേഷി വര്‍ധിപ്പിച്ച് കൂടുതല്‍ ഉല്‍പാദനക്ഷമതയിലേയ്ക്ക് എത്തിക്കുവാന്‍ കഴിഞ്ഞതാണ് നേട്ടമായത്. ഇപ്പോള്‍ പശുക്കളുടെ പ്രതിദിന ശരാശരി ഉല്‍പാദനം 10.21 കി.ഗ്രാമാണ്. എന്നാല്‍ പശുക്കളുടെ എണ്ണത്തില്‍ വരുന്ന ഗണ്യമായ കുറവ് തിരിച്ചടിയാകും. കറവയിലുള്ള പശുക്കളുടെ എണ്ണം 6 ലക്ഷത്തില്‍ താഴെയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പശുക്കളെ കൊണ്ടുവന്ന് മാത്രം ഈ കുറവ് പരിഹരിക്കുന്നതിന് പരിമിതികളേറെയാണ്.
ഭ്രൂണമാറ്റ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10. 30 ന് കെ.എല്‍.ഡി.ബോര്‍ഡിന്റെ മാട്ടുപ്പെട്ടി ഫാം ഓഡിറ്റോറിയത്തില്‍ സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും.
ഭ്രൂണമാറ്റം
സാധാരണ പശുവിന് ഒരു പ്രസവത്തില്‍ ഒന്നോ, വളരെ അപൂര്‍വമായി രണ്ടോ കുട്ടികള്‍ ജനിക്കും. എന്നാല്‍ ഭ്രൂണമാറ്റമെന്ന സാങ്കേതിക വിദ്യയിലൂടെ ഉല്‍പ്പാദന ശേഷി കൂടിയ ഒരു പശുവില്‍ ഒന്നിലധികം അണ്ഡങ്ങളെയുല്‍പ്പാദിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ പ്രത്യേക ഹോര്‍മോണുകള്‍ നല്‍കും. ഇവയെ ബീജസങ്കലനം നടത്തുമ്പോള്‍ ഒന്നിലധികം ഭ്രൂണങ്ങള്‍ ഈ പശുവില്‍ ഉണ്ടാകും. ഒരാഴ്ചയ്ക്കുള്ളില്‍ ഈ ഭ്രൂണങ്ങളെ പശുവില്‍ നിന്ന് പുറത്തെടുത്ത് ഗുണപരിശോധനകള്‍ക്ക് വിധേയമാക്കി പല പശുക്കളുടെ ഗര്‍ഭപാത്രങ്ങളില്‍ നിക്ഷേപിക്കും. അങ്ങനെ ഉല്‍പാദനക്ഷമത കൂടിയ ഒരു പശുവിന്റെ കൂടുതല്‍ കുട്ടികള്‍ ഒരേ സമയം ജനിക്കുവാനുള്ള പദ്ധതിയാണ് കെ.എല്‍.ഡി ബോര്‍ഡ് ആവിഷ്‌ക്കരിക്കുന്നത്.
വെച്ചൂര്‍
കേരളത്തിന്റെ തനത് പശുവര്‍ഗം. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെച്ചൂര്‍ ഗ്രാമത്തിലാണ് ഇവ കാണപ്പെട്ടിരുന്നത്. ഉയരക്കുറവുള്ള ഈ പശുക്കള്‍ക്ക് രോഗപ്രതിരോധ ശേഷിയും കൂടുതലാണ്. ഔഷധ ഗുണമുള്ള പാലാണ് ഇവയുടേത്.
സഹിവാള്‍
ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന പാല്‍ ഉല്‍പാദനം കൂടിയ പശു ജനുസുകളിലൊന്ന്. പാകിസ്താന്‍ ആണ് ഇവയുടെ ജന്‍മദേശം. ഇന്ത്യയില്‍ പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."