ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനും നിയന്ത്രണവും ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും പരിശോധനാ കേന്ദ്രങ്ങളിലും സേവന നിലവാരവും മിനിമം സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ അറിയിച്ചു.
ഇവയ്ക്ക് രജിസ്‌ട്രേഷനും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിനുള്ള ശക്തമായ നിയമനിര്‍മാണമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും മന്ത്രി അറിയിച്ചു. കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനും നിയന്ത്രണവും ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടുകൊണ്ടുള്ള ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനായിരുന്നു പ്രമേയമെങ്കിലും സഭയിലെ ചര്‍ച്ചകളിലെ വികാരം കണക്കിലെടുത്ത്, സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ആര്‍. രാജേഷിന്റെ ഭേദഗതി അംഗീകരിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 2010ലെ ക്ലിനിക്കല്‍ സ്ഥാപന ആക്ടിന്റെ ചുവടു പിടിച്ചാണ് പുതിയ നിയമം. സംസ്ഥാനത്തെ ആശുപത്രികളിലെയും ഡിസ്‌പെന്‍സറികള്‍, ലബോറട്ടറികള്‍ എന്നിവയിലേയും 70 ശതമാനവും പ്രവര്‍ത്തിക്കുന്നത് സ്വകാര്യമേഖലയിലാണ്. എന്നാല്‍, ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഒരു നിയമവും നിലവിലില്ല. ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനോടൊപ്പം ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ച നിയന്ത്രണങ്ങളും ബില്ലിലുണ്ട്. പ്രതിരോധ വകുപ്പിന്റെ കീഴിലല്ലാത്ത അലോപ്പതി, ആയുര്‍വേദ, യൂനാനി, ഹോമിയോ, സിദ്ധ തുടങ്ങി എല്ലാ മേഖലയിലെയും ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ബില്ലിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും.
ക്ലിനിക്കല്‍ സ്ഥാപനങ്ങളെ തരംതിരിക്കാനും ഓരോ വിഭാഗത്തിനും വേണ്ട ചുരുങ്ങിയ നിലവാരം നിശ്ചയിക്കാനുമായി ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കും.
ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്റ്റര്‍ തയാറാക്കുകയും നിലവാരമുണ്ടോ എന്ന പരിശോധന നടത്താനായി വിദഗ്ധരുടെ പാനല്‍ തയാറാക്കുകയും ചെയ്യുക എന്നിവ കൗണ്‍സിലിന്റെ ചുമതലയായിരിക്കും. രജിസ്‌ട്രേഷനായി എല്ലാ ജില്ലകളിലും കലക്ടര്‍ എക്‌സ് ഒഫിഷ്യോ ചെയര്‍മാനായി അതോറിറ്റി രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."