വിമാനം വൈകിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ദിവസം ലീഗ് എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും പി.വി.അബ്ദുല്‍ വഹാബും സഞ്ചരിച്ച വിമാനം വൈകിയ സംഭവത്തെ കുറിച്ച് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അന്വേഷണത്തിന് ഉത്തരവിട്ടു. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. ഇരുവരും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയോടൊപ്പം മന്ത്രിയെ നേരില്‍കണ്ടാണ് പരാതി നല്‍കിയത്. സംഭവത്തില്‍ എയര്‍ ഇന്ത്യയില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വിമാനത്തിന്റെ പൈലറ്റ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് പരാതിയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് സമയം വൈകുമെന്നതിനാല്‍ ഡല്‍ഹിയിലെത്താന്‍ തങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ പുറത്ത് ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും വിമാനത്തില്‍ നിന്നു പുറത്തിറങ്ങാന്‍ പൈലറ്റ് അനുവദിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
ഓഗസ്റ്റ് അഞ്ചിന് എയര്‍ ഇന്ത്യയുടെ എ.ഐ 809 വിമാനത്തിലായിരുന്നു എം.പിമാര്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. രാവിലെ 10.30നായിരുന്നു വിമാനം. 10ന് തന്നെ എം.പിമാര്‍ വിമാനത്തില്‍ എത്തിയിരുന്നു. സാങ്കേതിക തകരാറുള്ളതിനാല്‍ 11.30ന് പുറപ്പെടും എന്ന അറിയിപ്പാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. 11.30ന് വീണ്ടും അര മണിക്കൂര്‍ വൈകുമെന്ന് അറിയിപ്പ് നല്‍കിയെങ്കിലും വിമാനം പൊങ്ങിയത് ഉച്ചയ്ക്ക് 2.45 നായിരുന്നു. 280 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."