സെന്‍കുമാറിനെതിരേ വിജിലന്‍സ് കോടതിയില്‍ ഹരജി
തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാറിനെതിരേ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹരജി.
കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടറായിരിക്കെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ലോണ്‍ നല്‍കിയെന്നും കൃത്രിമ രേഖകള്‍ ചമച്ച് മെഡിക്കല്‍ ലീവില്‍ നില്‍ക്കെ ശമ്പളം വാങ്ങാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് പരാതി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 26നകം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
2010ല്‍ സെന്‍കുമാര്‍ കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടറായിരിക്കെ ഒരാള്‍ക്ക് പരമാവധി അനുവദിക്കാവുന്ന വായ്പ 10 കോടിയാണെന്നിരിക്കെ ശ്രീകാര്യം സ്വദേശിയായ സലീമിന് ക്രമവിരുദ്ധമായി 50 കോടി രൂപ അഞ്ചു തവണയായി വായ്പ അനുവദിച്ചെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആദ്യ രണ്ടു തവണകളിലെ തിരിച്ചടവ് മുടങ്ങിയാല്‍ ബാക്കി തുക അനുവദിക്കരുതെന്ന ബോര്‍ഡിന്റെ ചട്ടം മറികടന്നാണ് സെന്‍കുമാര്‍ ആറുമാസത്തിനിടെ 50 കോടി രൂപ വായ്പ അനുവദിച്ചതെന്നും പരാതിയില്‍ പറയുന്നു. കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ എ.ജെ സുക്കാര്‍ണോയാണ് ഹരജിയുമായി വിജിലന്‍സ് കോടതിയിലെത്തിയത്.
സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്ത്‌നിന്ന് സെന്‍കുമാറിനെ മാറ്റിയതിനെ തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു. മെഡിക്കല്‍ അവധിയെടുത്ത സെന്‍കുമാര്‍ അക്കാലത്തെ ശമ്പളത്തിനായി സര്‍ക്കാര്‍ മുന്‍പാകെ വ്യാജ രേഖകള്‍ ഹാജരാക്കിയെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് സെന്‍കുമാര്‍ പറയുന്ന ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ എറണാകുളത്തും മറ്റു പലസ്ഥലങ്ങളിലുമാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.
കൃത്രിമരേഖകള്‍ ചമച്ചത് ആയുര്‍വേദ കോളജിലെ പ്രൊഫസര്‍ വി.കെ അജിത്കുമാറിന്റെ സഹായത്തോടെയാണെന്നും അതിനാല്‍ അദ്ദേഹത്തിനെതിരേയും നടപടി വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ടി.ഡി.എഫ്.സി ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ ടി.കെ രഘുവരന്‍, കാര്‍പാലസ് ഉടമ സലീം, ആയുര്‍വേദ കോളജ് പ്രൊഫ. വി.കെ അജിത്കുമാര്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."