സി.പി.എം അന്ധമായ കോണ്‍ഗ്രസ് വിരോധം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല
കോഴിക്കോട്: സി.പി.എം അന്ധമായ കോണ്‍ഗ്രസ് വിരോധം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. സാദിരിക്കോയ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് കെ.പി കേശവമേനോന് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനാണ് ആര്.എസ്.എസും നരേന്ദ്രമോദിയും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ അനിവാര്യമാണ്. ഇതു മനസിലാക്കാതെയാണ് സി.പി.എം നിലപാടെടുത്തത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന നിലപാട് എടുത്താലും കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും എതിര്‍ചേരികള്‍ തന്നെയായിരിക്കും. ഇതു ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു സാദിരിക്കോയയെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷയും വികാരങ്ങളും ഉള്‍ക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ജനങ്ങള്‍ക്കു വേണ്ടി അധികാരികളോട് ക്ഷോഭിക്കുന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ കെ. സാദിരിക്കോയ കര്‍മശ്രേഷ്ഠാ അവാര്‍ഡുകള്‍ മുന്‍ എം.പി സി. ഹരിദാസിനും, മാധ്യമപ്രവര്ത്തകന് എം.പി സൂര്യദാസിനും പ്രതിപക്ഷ നേതാവ് സമ്മാനിച്ചു. അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷനായി. സാഹിത്യകാരന് യു.കെ കുമാരന് അവാര്‍ഡ് ജേതാക്കളെ പൊന്നാട അണിയിച്ചു. അഡ്വ. പി.എം നിയാസ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. അഡ്വ. എം. രാജന് മംഗളപത്രം വായിച്ചു. എന്‍. സുബ്രഹ്മണ്യന് അനുസ്മരണ പ്രഭാഷണവും കെ.സി അബു മുഖ്യപ്രഭാഷണവും നടത്തി. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്, അഡ്വ. എം.ടി പത്മ, കെ.സി രാമചന്ദ്രന്, കാവില്‍ പി. മാധവന്, എ. നവാസ്ജാന്‍, കെ. രാമചന്ദ്രന് മാസ്റ്റര്‍, കെ. മാധവി സംസാരിച്ചു. സത്യന് കടിയങ്ങാട് സ്വാഗതവും കെ.വി സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."