പള്ളിക്കലില്‍ സര്‍ക്കാര്‍ ആശുപത്രി വേണം; ആവശ്യം ശക്തമാകുന്നു
പള്ളിക്കല്‍: കിടത്തിചികിത്സാസൗകര്യമുള്ള സ്വകാര്യ ആശുപത്രിപോലുമില്ലാത്ത പള്ളിക്കല്‍ പഞ്ചായത്തില്‍ ഒരു സര്‍ക്കാര്‍ ആശുപത്രി വേണമെന്നാവശ്യം ശക്തമാകുന്നു. കോഴിക്കോട് വിമാനത്താവളവും കാലിക്കറ്റ് സര്‍വകലാശാലയുമടക്കം നിരവധി സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പള്ളിക്കല്‍ പഞ്ചായത്ത്.
പകല്‍ സമയങ്ങളില്‍ പരിശോധനക്കായി നിരവധി സ്വകാര്യ ക്ലിനിക്കുകളുണ്ടെങ്കിലും കിടത്തിചികിത്സയുള്ള ഒരു സ്വകാര്യ ആശുപത്രി പോലും ഇവിടെയില്ലാത്തതിനാല്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. രാത്രി പത്തു കഴിഞ്ഞാല്‍ രോഗികളേയും കൊണ്ട് നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.
പകല്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മാരില്‍ ചിലര്‍ പ്രദേശത്ത് താമസിക്കുന്നുണ്ടെങ്കിലും രാത്രി പത്തു കഴിഞ്ഞാല്‍ പിന്നെ ചികിത്സിക്കാന്‍ തയാറാകാറില്ല. രാത്രികാലങ്ങളില്‍ പെട്ടെന്ന് വല്ല രോഗവും വന്നാല്‍ കിലോ മീറ്ററുകളോളം യാത്ര ചെയ്തുവേണം അടുത്ത പ്രദേശങ്ങളിലെ ആശുപത്രികളിലെത്താന്‍.
പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികിത്സക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളുമുണ്ടെങ്കിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് മൂലം പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഇവിടെ രോഗികളെ പരിശോധിക്കുന്നത്.
ഈ ദിവസങ്ങളില്‍ രോഗികളെക്കൊണ്ട് നിന്ന് തിരിയാനിടമില്ലാത്ത അവസ്ഥയാണ്. ഇവിടെ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നിരവധിതവണ ജനങ്ങള്‍ ആവശ്യമുന്നയിക്കുകയും പരാതികളും പ്രതിഷേധങ്ങളും നടത്തിയിട്ടും അധികാരികള്‍ കേട്ട ഭാവം നടിച്ചിട്ടില്ല. ഒരേ സമയം പത്തിലേറെ പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുണ്ട്.
ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചാല്‍ തന്നെ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകും. ഇനിയെങ്കിലും ജനങ്ങളുടെ ആവശ്യം അവഗണിക്കാതെ ബന്ധപ്പെട്ട സ്ഥലം എം.എല്‍.എയുള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഇക്കാര്യം മുഖവിലക്കെടുത്ത് പ്രശ്‌നപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."