മുടിക്കോട് പള്ളിയിലെ അക്രമം: പ്രതിഷേധ കൊടുങ്കാറ്റായി ആക്ഷന്‍ കൗണ്‍സില്‍ റാലി
മഞ്ചേരി: മുടിക്കോട് പള്ളിയില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ഖത്വീബിനെയും വിശ്വാസികളെയും വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അടച്ചുപൂട്ടിയ മസ്ജിദ് പ്രാര്‍ഥനയ്ക്കായി തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ട് സമസ്ത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാണ്ടിക്കാട്ട് നടത്തിയ റാലി പ്രതിധേഷ കൊടുങ്കാറ്റായി.
യാതൊരു പ്രകോപനവുമില്ലാതെ പള്ളിയില്‍ കയറി വിശ്വാസികളെ ആക്രമിച്ച സംഭവം സംസ്ഥാന ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള മുടിക്കോട് പള്ളി അടച്ചുപൂട്ടുന്നതിന് വഴിയൊരുക്കിയത് പ്രതികളുടെ ആസൂത്രിത പ്രവര്‍ത്തനങ്ങളാണ്. പള്ളി അടച്ചിട്ട് പ്രാര്‍ഥന മുടക്കുന്നത് പ്രതികളുടെ താല്‍പര്യം സംരക്ഷിക്കുന്ന നിലപാടാണെന്നും ഇത് അനുവദിക്കാനാവില്ലന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
സമാധാനപരമായി മുന്നോട്ടുപോവുന്ന മഹല്ലുകളില്‍ അക്രമം നടത്തുകയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ഹുങ്കില്‍ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് കാന്തപുരം വിഭാഗം പിന്‍മാറണമെന്നും പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള പൊലിസ് നടപടി അവസാനിപ്പിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. പാണ്ടിക്കാട് ടൗണ്‍ സുന്നി മസ്ജിദ് പരിസരത്തുനിന്ന് തുടങ്ങിയ റാലി നഗര വീഥികളിലൂടെ കടന്ന് പാണ്ടിക്കാട് ജങ്ഷനില്‍ സമാപിച്ചു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. മുടിക്കോട് പ്രശ്‌നത്തില്‍ നിയമപാലകര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കി പക്ഷപാതപരമായ ശൈലി സ്വീകരിക്കുന്നത് അനീതിയാണെന്നും യാഥാര്‍ഥ്യം മനസിലാക്കി പള്ളി തുറക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഒ.ടി മൂസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി,സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ജബ്ബാര്‍ ഹാജി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, കെ.പി മുഹമ്മദ് മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ലത്തീഫ് ഫൈസി, ഹംസഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹംസ റഹ്മാനി, ശാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ടി.എസ് പൂക്കോയതങ്ങള്‍, ബി.എസ് കുഞ്ഞിതങ്ങള്‍, ശുക്കൂര്‍, ജഅ്ഫര്‍ സഖാഫി, ഇബ്രാഹീം ദാരിമി, ബഷീര്‍ ഫൈസി, അയ്യൂബ് ദാരിമി, മജീദ് ദാരിമി വളരാട് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."