മായുന്ന കലകള്‍: മൂരിഅബ്ബ ആഘോഷമാക്കിയ ഉരിഡവന്‍മാര്‍
റഷീദ് നെല്ലുള്ളതില്‍
ആദിവാസികളില്‍ വേറിട്ട വിഭാഗമാണ് ഉരിഡവന്മാര്‍. മുളചുവരുകളില്‍ മണ്ണും ചാണകവും മെഴുകി പുല്ലുമേഞ്ഞ വീടുകളാണ് ഇവരുടേത്. അവരുടെ ആചാരാനുഷ്ഠാനങ്ങളാകട്ടെ രസകരവും വ്യത്യസ്തവുമാണ്. കര്‍ണാടകയില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ് ഉരിഡവന്മാരെന്ന് വിശ്വസിക്കുന്നു. ടിപ്പുവിന്റെ ആക്രമണകാലത്ത് മൈസൂരിലെ ചിത്രദുര്‍ഗയില്‍ നിന്ന് ഇവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു. വളര്‍ത്തു മൃഗങ്ങളുടെ പുറത്താണ് ഇവര്‍ വന്നതെന്ന് ചരിത്രം പറയുന്നു. ഇതിന്റെ ഓര്‍മ പുതുക്കലാണ് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ബേഡ ഗൗഡരുടെ മൂരി അബ്ബ അഥവാ മൂരിയോട്ടം. തുലാം മാസത്തില്‍ ദീപാവലി ദിവസമാണ് മൂരി അബ്ബ നടക്കുക. മിക്കവാറും വീടുകളില്‍ നിന്ന് മൂരികളെ എത്തിക്കുന്നു. കുളിപ്പിച്ച് വൃത്തിയാക്കി വേഷഭൂഷാദികള്‍ അണിയിച്ച മൂരികളെ പ്രദക്ഷിണം വെപ്പിച്ച ശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുക. പൂജക്കു ശേഷം പൊട്ടണിയിച്ച് ചെണ്ടക്കാരുടേയും കുഴലൂത്തുകാരുടേയും അകമ്പടിയോടെ ബൈരേശ്വര ക്ഷേത്രത്തില്‍ നിന്ന് ബസവേശ്വര ക്ഷേത്രത്തിലേക്ക് മൂരികളെ ഒന്നിന് പിറകേ ഒന്നായി ഓടിക്കുന്നു. ഇതാണ് മൂരിഅബ്ബ.
ഉരിഡവന്മാരുടെ പ്രധാന ആരാധന ദേവതയാണ് കരുങ്കാളി അമ്മ. ഇവരുടെ ദേവതയെ ഇവര്‍ പെട്ടിയിലിട്ടാണ് സൂക്ഷിക്കുക എന്നൊരു പ്രത്യേകതയുണ്ട്. മുളകൊണ്ടുണ്ടാക്കിയ പെട്ടിയില്‍ പ്രത്യേക അവസരങ്ങളില്‍ ദൈവത്തെ പുറത്തെടുക്കുകയാണ് ചെയ്യാറ്. മറ്റു വിഭാഗങ്ങളൊന്നും തട്ടിക്കൊണ്ടു പോകാതിരിക്കാനാണ് ദൈവത്തെ പെട്ടിയില്‍ അടച്ച് സൂക്ഷിക്കുന്നത്. ചിക്കു ദേവി, ശിവന്‍, വിഷ്ണു തുടങ്ങിയവരും ഇവരുടെ ഇഷ്ടതാരങ്ങളാണ്. ദൈവസ്‌നേഹം പോലെ ഇവര്‍ക്ക് സംഖ്യ സ്‌നേഹവുമുണ്ടെന്ന് പറയപ്പെടുന്നു. അഞ്ചാണ് ഇവരുടെ ഇഷ്ട സംഖ്യ. പെണ്ണുകാണല്‍ ചടങ്ങിന് പോലും അഞ്ച് പേരടങ്ങുന്ന സംഘമാണ് പോകുക. അവര്‍ക്കിഷ്ടമായാല്‍ അഞ്ച് കാരണവന്മാര്‍ പോയാണ് ഉരപ്പിക്കല്‍ ചടങ്ങ്. കുംഭമാസത്തിലായിരിക്കും ഉരിഡവന്മാരുടെ വിവാഹം.
വിവാഹത്തിന് മൂരിയാണ് പ്രധാനം. വരനെ ഒരുക്കുന്നതുപോലെ മൂരിയെയും അണിയിച്ചൊരുക്കും. കൊമ്പുകൂടുകളും ചുവപ്പു തുണിയും പൊട്ടുംകുത്തി നില്‍ക്കുന്ന മൂരിക്ക് ചക്കര നല്‍കലാണ് അടുത്ത ചടങ്ങ്. വധുവിനെ അണിയിക്കാനുള്ള ആഭരണങ്ങളുടെ പെട്ടി വരന്റെ സഹോദരിയുടെ തലയില്‍ വെച്ചാണ് യാത്ര. മൂരിയും കൂടെയുണ്ടാകും. അഞ്ച് പെണ്‍കുട്ടികള്‍ ആരതിയുഴിഞ്ഞാണ് വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിക്കുക. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങ് വിവാഹ പിറ്റേന്ന് നടക്കുന്ന സദ്യയ്ക്ക് ശേഷമാണ് അവസാനിക്കുക.
മൂരി അബ്ബ കാണാന്‍ വന്‍ തിരക്കാണ് ക്ഷേത്രങ്ങളില്‍ അനുഭവപ്പെടുന്നത്. അന്യ സംസ്ഥാനങ്ങളിലെ കാളയോട്ടം പോലെ അത്ര ഗുരതരമല്ല മൂരി അബ്ബ. രസകരമായ ആചാരം കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."