തലചായ്ക്കാന്‍ ഇടമില്ല; ബാലനും കുടുംബവും അന്തിയുറങ്ങുന്നത് വൃദ്ധസദനത്തില്‍
തേഞ്ഞിപ്പലം: ശക്തമായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നത് കാരണം തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിതത്തിലായ അഞ്ചംഗ കുടുംബം അന്തിയുറങ്ങുന്നത് സമീപത്തെ വൃദ്ധസദനത്തില്‍. തേഞ്ഞിപ്പലം ആലുങ്ങല്‍ ചെറുതൊടി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന തേറാണി ബാലനും കുടുംബവുമാണ് അന്തിയുറങ്ങാന്‍ ഇടമില്ലാതെ ദുരിത ജീവിതം തള്ളിനീക്കുന്നത്.
കൂലിപ്പണിക്കാരനായ ബാലന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായ കനത്ത മഴയിലാണ് ഇവര്‍ താമസിക്കുന്ന വീടിന്റെ ഒരുഭാഗം തകര്‍ന്നത്. വീടിന്റെ കാലപ്പഴക്കമാണ് ഒരു വശം തകര്‍ന്ന് വീഴാന്‍ കാരണം. വീട് തകര്‍ന്ന വിവരമറിഞ്ഞെത്തിയ വാര്‍ഡ് അംഗം എം നഫീസ അസീസ് തൊട്ടടുത്തുള്ള വൃദ്ധസദനത്തിലേയ്ക്ക് ഇവരെ മാറ്റിപാര്‍പ്പിക്കുകയുമായിരുന്നു. വീടിനുള്ളില്‍ മഴ നനയാതിരിക്കാന്‍ ടാര്‍പ്പായ കൊണ്ട് താത്കാലിക സംവിധാനം ഒരുക്കിയെങ്കിലും പൊളിഞ്ഞുവീഴാറായ വീടിനുള്ളില്‍ അന്തിയുറങ്ങാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.
അന്തിയുറങ്ങാന്‍ ഇപ്പോഴും ഈ വൃദ്ധസദനത്തെയാണിവര്‍ ആശ്രയിക്കുന്നത്. നിത്യവൃത്തിയ്ക്ക് തന്നെ വകയില്ലാത്ത ഈ അഞ്ചംഗ കുടുംബത്തിന് ഏക ആശ്രയമായ ബാലന്‍ താഴെചേളാരിയില്‍ ഒരു ഹോട്ടലില്‍ താത്കാലിക ജോലിയെടുത്താണ് കുടുംബം പോറ്റുന്നത്. അനാരോഗ്യം കാരണം ഇയാള്‍ക്ക് ഭാരിച്ച ജോലിയെടുക്കാനുമാകുന്നില്ല. ഒരോ ദിവസവും ലഭിക്കുന്ന കൂലി അതാത് ദിവസത്തെ ചെലവിന് തന്നെ തികയാത്ത മട്ടാണ്. വീട് പുനര്‍നിര്‍മിക്കണമെങ്കില്‍ വലിയ ഒരു സംഖ്യതന്നെ വേണം. അതിനാവട്ടേ ബാലന് വകയുമില്ല.പട്ടയമായി ലഭിച്ച നാലു സെന്റെ് സ്ഥലത്താണിവരുടെ താമസം. തകര്‍ന്ന വീടിന്റെ പുനര്‍ നിര്‍മാണത്തിന് വേണ്ടി വാര്‍ഡ് മെമ്പറുടെ ശ്രമഫലമായി തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രത്യേക പരിഗണന നല്‍കി രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചാല്‍ ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. വാര്‍ഡ് മെമ്പര്‍ നഫീസ അസീസും ബാലന്റെ അയല്‍വാസി കള്ളിയില്‍ മുനീറും മുന്‍ കൈയെടുത്താണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനം. അതേ സമയം ഗ്രാമ പഞ്ചായത്ത് അനുവദിച്ച ഫണ്ട് അപര്യാപ്തമായതിനാല്‍ വീട് നിര്‍മാണം തുടങ്ങുന്നതിനായി ഉദാരമതികളുടെ സഹായം തേടുകയാണ് ബാലന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."