ഷീറ്റ് മേഞ്ഞ വീടിന് തീപിടിച്ചു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരുക്ക്
ചവറ: നീണ്ടകരയില്‍ ഷീറ്റ് മേഞ്ഞ വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് വീടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് നിറച്ച സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ദളവാപുരം പുത്തന്‍തുരുത്ത് അനില്‍ ഭവനത്തില്‍ മത്സ്യ വ്യാപാരിയായ ലീല(58), ഇവരുടെ മകന്‍ വൈദ്യൂതി ബോര്‍ഡ് ജീവനക്കാരന്‍ അനില്‍ അലക്‌സാണ്ടര്‍(38) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വ്യാഴാഴ്ച രാത്രി 11.50 നായിരുന്നു തീപിടിത്തം. സമീപത്തെ രാധാമണി എന്ന സ്ത്രീയാണ് ഇവരുടെ വീട് കത്തുന്നതായി കണ്ടത്. ഉടന്‍തന്നെ സമീപത്തെ വീട്ടില്‍ ഉണ്ടായിരുന്നവരെ വിവരമറിയിച്ചു. തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനിടയില്‍ വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ഗ്യാസ് കുറ്റി ഉഗ്രശബ്ദത്തോടെ പൊട്ടി മീറ്ററുകള്‍ക്ക് അപ്പുറത്തുള്ള സ്ഥലത്ത് വീഴുകയായിരുന്നു. വീട്ടില്‍വച്ചുതന്നെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. സംഭവത്തില്‍ ലീലയുടെ മകളുടെ പുതിയ വീടിന്റെ പതിനഞ്ചില്‍ പരം ജനല്‍ഗ്ലാസുകളും സമീപത്തെ നിജിന്‍ ഭവനത്തില്‍ ജോസിന്റെ വീടിന്റെ ഭിത്തിയും ഇലക്ട്രിക് മീറ്ററും പൊട്ടിത്തെറിച്ചു.
സമീപത്തെ വാഴവിള വടക്കതില്‍ ക്ലീറ്റസിന്റ വീടിന്റെ ജനല്‍ചില്ലുകളും പൊട്ടിത്തെറിച്ചു. ലീലയും കുടുംബവും വര്‍ഷങ്ങളായി താമസിച്ചുവന്ന ഷീറ്റ് മേഞ്ഞ വീടാണ് അഗ്നിക്കിരയായത്. വീട്ടിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും മത്സ്യവ്യാപാരത്തിനായി കരുതിയിരുന്ന 65,000 രൂപയും മത്സ്യ ക്ഷേമനിധി പാസ്ബുക്കും എ.ടി.എം കാര്‍ഡ്, റേഷന്‍കാര്‍ഡ്, പാസ്ബുക്ക് തുടങ്ങിയ നിരവധി രേഖകള്‍ കത്തിനശിച്ചു. കിലോമീറ്ററുകള്‍ക്കപ്പുറം ദേശീയപാതയില്‍ ഉണ്ടായിരുന്ന ഹൈവേ പൊലിസ് ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് ഈ ഭാഗത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് വീട് കത്തിയ വിവരം അറിയുന്നത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അനിലിന്റെ ശരീരത്തിന് പുറത്തും കൈയ്ക്കും കാലുകള്‍ക്കും പൊള്ളലേറ്റു. ലീലയുടെ കൈകള്‍ക്കും കാലുകള്‍ക്കും മുഖത്തും പൊള്ളലേറ്റു.ഇരുവരും നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടസമയത്ത് അനിലിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെട്ടതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈദ്യുത സര്‍ക്യൂട്ട് ആവാം അപകടത്തിനു കാരണമെന്ന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."