ഒറ്റയ്ക്ക് ട്രാക്കിലോടി മക്‌വലയുടെ അപൂര്‍വ പോരാട്ടം
ലണ്ടന്‍: ഒറ്റയ്ക്ക് ട്രാക്കില്‍ ഓടി സെമി ഫൈനല്‍ യോഗ്യത സ്വന്തമാക്കി സെമിയില്‍ മികച്ച സമയം കുറിച്ച് ഫൈനലിലേക്ക് മുന്നേറി ബോട്‌സ്വാനയുടെ ഇസാക്ക് മക്‌വല. അത്‌ലറ്റിക്‌സ് പോരാട്ടങ്ങളുടെ ചരിത്രത്തില്‍ അപൂര്‍വമായൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മക്‌വല.
ഒറ്റയ്‌ക്കോടി യോഗ്യത നേടുന്ന ആദ്യ താരമായി ഇതോടെ മക്‌വല മാറി. നോറോ വൈറസ് ബാധയേറ്റ് വയറു വേദനയും ഛര്‍ദിയും അനുഭവപ്പെട്ട് 400 മീറ്റര്‍ പോരാട്ടത്തിന്റെ ഫൈനലില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട മക്‌വലയെ 200 മീറ്ററിന്റെ ഹീറ്റ്‌സിലും ഓടാന്‍ അധികൃതര്‍ അനുവദിച്ചില്ല.
ഒപ്പം മത്സരിക്കുന്ന താരങ്ങള്‍ക്ക് വൈറസ് ബാധയേല്‍ക്കാതിരിക്കാനായിരുന്നു ബോട്‌സ്വനയുടെ സുവര്‍ണ പ്രതീക്ഷയായ താരം മാറ്റിനിര്‍ത്തപ്പെട്ടത്. 400 മീറ്ററിന്റെ ഫൈനലിനിറങ്ങണമെന്ന താരത്തിന്റെ വാദം അധികൃതര്‍ തള്ളിയതോടെ മക്‌വലയുടെ പ്രതീക്ഷ അസ്തമിച്ചു.
എന്നാല്‍ 200 മീറ്ററിന്റെ ഹീറ്റ്‌സില്‍ ഒറ്റയ്ക്ക് ഓടാന്‍ അധികൃതര്‍ അപ്രതീക്ഷിതമായി അനുവാദം നല്‍കിയതോടെയാണ് താരം തന്റെ കഴിവ് ലോകത്തിന് മുന്നില്‍ ബോധ്യപ്പെടുത്തിയത്. 200 മീറ്ററിന്റെ ഹീറ്റ്‌സില്‍ 20.53 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യുകയെന്ന ലക്ഷ്യമാണ് താരത്തിന് അധികൃതര്‍ നല്‍കിയത്. ഒറ്റയ്ക്ക് തനിക്ക് അനുവദിക്കപ്പെട്ട ഏഴാം ട്രാക്കില്‍ ഓടിയ മക്‌വല 20.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സെമി ബര്‍ത്ത് ഉറപ്പാക്കി. ഫിനിഷ് ചെയ്ത ശേഷം ട്രാക്കില്‍ വച്ച് മൂന്ന് തവണ പുഷ് അപ്പുകളും എടുത്ത് തന്റെ ഫിറ്റ്‌നസ് വീണ്ടും ബോധ്യപ്പെടുത്തി സ്റ്റേഡിയത്തെ നോക്കി സല്യൂട്ടും നല്‍കിയാണ് താരം ട്രാക്ക് വിട്ടത്.
സെമിയിലാകട്ടെ മികച്ച രണ്ടാമത്തെ സമയം കുറിച്ച് 20.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മക്‌വല ഫൈനലിലേക്കുള്ള ടിക്കറ്റും ഉറപ്പാക്കി. 400 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയ വെയ്ഡ് വാന്‍ നികെര്‍കടക്കമുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പമാണ് മക്‌വല ഫൈനലില്‍ പോരിനിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."