അനധികൃത പാറ ഖനനം; മണ്ണുമാന്തി യന്ത്രം പിടികൂടി
ചെങ്ങന്നൂര്‍: സ്‌റ്റോപ്പ് മെമ്മോ കാറ്റില്‍പ്പറത്തി അനധികൃതമായി ഖനനം ചെയ്ത മണ്ണും പാറയും കടത്താന്‍ ശ്രമിച്ച മണ്ണുമാന്തി യന്ത്രം റവന്യൂ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടി.
ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജെ. ശ്രീകല, ടി.എസ് ഗീതാകുമാരി , റ്റി.എന്‍ ദീപ്തി ഉദ്യോഗസ്ഥരായ രഞ്ജിത്ത് ,ശ്രീധര്‍ എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ലഭിച്ച ടെലഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് മുളക്കുഴ പഞ്ചായത്തിലെ പെരിങ്ങാലയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണും കല്ലും കടത്തുവാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയത്. നേരത്തെ ഈ പ്രദേശത്തെ അനധികൃത പാറ ഖനനത്തിനെതിരെ ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുള്ളതാണ്. പഞ്ചായത്തിന്റെ നടപടിയെ മറികടന്നാണ് ഇപ്പോള്‍ ഇവിടെ പാറയും മണ്ണും കടത്താന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പിടികൂടിയ മണ്ണുമാന്തി യന്ത്രം മേല്‍നടപടിക്കായി ചെങ്ങന്നൂര്‍ പൊലിസിന് കൈമാറി. അതേസമയം, ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷന്റെ പരിധിയില്‍ വരുന്ന കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളില്‍ പ്രത്യേക സ്‌കാഡ് രൂപീകരിച്ചെങ്കിലും അവിടങ്ങളില്‍ ഇപ്പോഴും അനധികൃത നിലംനികത്തലും മണ്ണെടുപ്പും വ്യാപക തോതില്‍ നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."