ചേര്‍ത്തല സ്വകാര്യ ഐ.ടി.ഐയില്‍ വിദ്യാര്‍ഥി സംഘട്ടനം: നാലുപേര്‍ പിടിയില്‍
ചേര്‍ത്തല: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള സ്വകാര്യ ഐ.ടി.ഐയില്‍ കഴിഞ്ഞ രണ്ടു ദിവസമായി വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് അക്രമം. അക്രമങ്ങള്‍ തടയാന്‍ ശ്രമിച്ച അധ്യാപകരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച തുടങ്ങിയ അക്രമങ്ങള്‍ സ്ഥാപനത്തിനു പുറത്തും നഗരത്തിന്റെ പലഭാഗങ്ങളിലായും ഇന്നലെയും തുടര്‍ന്നു. സംഭവത്തില്‍നാലുപേരെ പൊലിസ് പിടികൂടിയിട്ടുണ്ട്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ സി.സി.ടി.വി ക്യാമറയടക്കം പരിശോധിച്ച് പൊലിസ് അക്രമം നടത്തിയ കൂടുതല്‍പേരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തുകയാണ്. വ്യാഴാഴ്ച ക്രിസ്തുമസ് ആഘോഷത്തിനിടയിലായിരുന്നു അക്രമത്തിന് തുടക്കം കുറിച്ചത്. കമ്പിപ്പാരയടക്കമുള്ള മാരകായുധങ്ങളുമായി വിദ്യാര്‍ഥികള്‍ തെരുവിലേക്കിറങ്ങിയതോടെയാണ് സമീപത്തുള്ള കടക്കാരും മറ്റു പൊലിസില്‍ വിവരമറിയിച്ചത്. ഇതിനിടയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍വെച്ചും ചേരിതിരിഞ്ഞു തല്ലുണ്ടായി. പിടിയിലായവരില്‍ ചിലര്‍ പ്രായപൂര്‍ത്തിയാകാത്തവരും വിദ്യാര്‍ഥികളുമായതിനാല്‍ പൊലിസ് രക്ഷിതാക്കളെ വിളിച്ച് വിട്ടയക്കുകയായിരുന്നു. ഇതിനിടെ അക്രമത്തിന്റെ പേരില്‍ പൊലിസ് നിരപരാധിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ അക്രമിച്ചതായി പരാതിയുയര്‍ന്നു. ഐ.ടി.ഐ വിദ്യാര്‍ഥിയായ അരൂക്കുറ്റി ഏഴാംവാര്‍ഡ് കണ്ണഞ്ചിറ ഫിറോസാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഡി.വൈ.എഫ്.ഐ അരൂക്കറ്റി ഇ.എം.എസ് കമ്മിറ്റിയംഗമാണ്. സംഭവത്തില്‍ പൊലിസ് അക്രമം കാട്ടിയെന്നുകാട്ടി ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിക്കും ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ഥി സംഘട്ടനത്തില്‍ ഉള്‍പ്പെട്ടവരെ മാത്രമാണ് പിടികൂടിയിട്ടുള്ളളതെന്നും തങ്ങളുടെ ഭാഗത്ത് ഒരു തരത്തിലുള്ള വീഴ്ചചയും പറ്റിയിട്ടില്ലെന്നും പൊലിസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."