ബ്ലൂവെയില്‍ കളിച്ച് ആത്മഹത്യക്കൊരുങ്ങിയ വിദ്യാര്‍ഥിക്ക് രക്ഷകരായി കൂട്ടുകാര്‍
ഇന്‍ഡോര്‍: ബ്ലൂവെയില്‍ ഗെയിമിന്റെ അവസാന സ്റ്റേജ് പൂര്‍ത്തീകരിക്കാന്‍ കെട്ടിടത്തില്‍നിന്നു ചാടാനൊരുങ്ങിയ വിദ്യാര്‍ഥിയെ കൂട്ടുകാര്‍ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ചമേലി ദേവി പബ്ലിക് സ്‌കൂളിലാണ് സംഭവം.
സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണു ഗെയിമിന്റെ 50–ാം ലെവല്‍ പൂര്‍ത്തികരിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടാനൊരുങ്ങിയത്. കുട്ടിയെ തക്കസമയത്ത് കൂട്ടുകാര്‍ പിന്നിലേക്കു വലിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളാലായി കുട്ടി ഗെയിം കളിച്ചിരുന്നതായി പൊലിസ് പറയുന്നു. ഗെയിം പൂര്‍ത്തിയാക്കിയാല്‍ രണ്ടു കോടി രൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു കുട്ടിക്കു ലഭിച്ച വാഗ്ദാനം. പിതാവിന്റെ മൊബൈലിലാണു കുട്ടി ഗെയിം കളിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചു മാതാപിതാക്കള്‍ക്കു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കുട്ടിയെ മനശ്ശാസ്ത്രജ്ഞനെ കാണിക്കുമെന്നും പൊലിസ് വ്യക്തമാക്കി.
അടുത്തിടെ, മുംബൈയിലെ ഏഴുനില കെട്ടിടത്തിനു മുകളില്‍നിന്നു ചാടി പതിനാലുകാരനും ആത്മഹത്യ ചെയ്തിരുന്നു. ഇതും ബ്ലൂവെയില്‍ ഗെയിമിന്റെ സ്വാധീനത്താലാണെന്നു വ്യക്തമായിരുന്നു.
റഷ്യയിലാണ് ഗെയിം ആദ്യം പ്രചരിച്ചത്. ഫിലിപ്പ് ബുഡെയ്കിന്‍ (22) ആണ് ഗെയിം ഉണ്ടാക്കിയത്. ഇയാളിപ്പോള്‍ സൈബീരിയന്‍ ജയിലില്‍ മൂന്നു വര്‍ഷത്തെ തടവിലാണ്. ലോകവ്യാപകമായി 130ല്‍ അധികം കുട്ടികളുടെ ആത്മഹത്യയ്ക്ക് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."