ഉദ്ഘാടനത്തിനൊരുങ്ങി മഴൂര്‍ മോഡല്‍ വി.സി.ബി കം ബ്രിഡ്ജ്
തളിപ്പറമ്പ്: ജനകീയ പങ്കാളിത്തത്തിലൂടെ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി മാതൃകയായ മഴൂര്‍ പുറന്തോട് വി.സി.ബി കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി. മഴൂര്‍ മോഡല്‍ എന്നു ഖ്യാതി നേടിയ വി.സി.ബി കം ബ്രിഡ്ജിന്റെ പ്രവൃത്തി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന ആദ്യത്തെ ആസ്തി അധിഷ്ഠിത പദ്ധതിയാണ്. 2015-16 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം ആരംഭിച്ചത്.
മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ച 21.5 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുള്ള പാലം നിര്‍മാണത്തിനായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കുറുമാത്തൂര്‍ പഞ്ചായത്തിന്റെയും പത്തുലക്ഷം വീതവും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നു 38 ലക്ഷവും ചേര്‍ത്ത് 58 ലക്ഷം രൂപയാണ് നീക്കിവച്ചത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണികളൊന്നും നടക്കുന്നില്ലെന്ന വിമര്‍ശനങ്ങളുടെ മുനയൊടിച്ചുകൊണ്ട് തൊഴിലാളികളും നിരവധി തൊഴില്‍ദിനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി നാട്ടുകാര്‍ രംഗത്തിറങ്ങുകയും ചെയ്തതോടെ 38 ലക്ഷം രൂപക്ക് പണി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചുവെന്ന് കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന് പറഞ്ഞു.
ജനുവരി ആദ്യവാരം കേരളാ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനെ പങ്കെടുപ്പിച്ചുകൊണ്ട് പുറന്തോട് വി.സി.ബി കം ബ്രിഡ്ജിന്റെ ഉദ്ഘാടനം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത് അധികാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."