റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലം ദീര്‍ഘിപ്പിക്കുന്നു
കണ്ണൂര്‍: യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം നിറവേറ്റി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലം കിഴക്ക് ഭാഗത്തേക്ക് ദീര്‍ഘിപ്പിക്കുന്നു. നടപ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തി സി. കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യമായിരുന്നു നടപ്പാലം കിഴക്ക് ഭാഗത്തേക്ക് ദീര്ഘിപ്പിക്കണമന്നത്. നിലവില്‍ കിഴക്ക് വശത്തുനിന്നു യാത്രക്കാര്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ എത്തുന്നതിന് ട്രാക്ക് മുറിച്ച് കടന്നും ട്രെയിനുകള്ക്കടിയിലൂടെയും അപകടകരമായ രീതിയില്‍ സഞ്ചരിക്കണം. ഏഴിമല നേവല്‍ അക്കാദമി, സി.ആര്.പി.എഫ് ക്യാംപ് തുടങ്ങി നിരവധി സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പയ്യന്നൂരില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്കായി ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്. നടപ്പാലം യാഥാര്‍ഥ്യമാകുന്നതോടെ ഇവരടക്കമുള്ളവര്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരമാകും.
സി. കൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും പയ്യന്നൂര്‍ നഗരസഭയുടെ പദ്ധതി വിഹിതവും ഉപയോഗിച്ചാണ് നടപ്പാലം നിര്‍മിക്കുന്നത്. 90 ലക്ഷം രൂപയാണ് പാലത്തിന്റെ നിര്‍മാണ ചെലവ്. മലപ്പുറം സ്വദേശിയായ അബ്ദുല്‍ റസാഖിനാണ് നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്. ആറ് മാസമാണ് പ്രവൃത്തി കാലാവധി. റെയില്‍വേ സൂപ്രണ്ട് സുനില്‍കുമാര്‍, അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ ഗോപി ചന്ദ്രനായക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങള്‍, ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."