എം.എസ്.എഫും കെ.എസ്.യുവും മുന്നേറി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്.എഫ്.ഐക്ക് ആധിപത്യം. അതേസമയം എസ്.എഫ്.ഐയുടെ പ്രധാന തട്ടകങ്ങളില്‍ കെ.എസ്.യുവും എം.എസ്.എഫും മുന്നേറ്റം നടത്തി. മുക്കം എം.എ.എം.ഒ കോളജ് യൂനിയന്‍ എസ്.എഫ്.ഐയില്‍നിന്ന് എം.എസ്.എഫ് പിടിച്ചെടുത്തു. എസ്.എഫ്.ഐയുടെ കുത്തക നിലനില്‍ക്കുന്ന കൊടുവള്ളി ഗവ. കോളജില്‍ ഒരു ജനറല്‍ സീറ്റുള്‍പ്പെടെ മൂന്നു സീറ്റും മൊകേരി കോളജില്‍ ഒരു സീറ്റും യു.ഡി.എസ്.എഫ് നേടി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഒരു ജനറല്‍ സീറ്റുള്‍പ്പെടെ മൂന്നു സീറ്റും ഗുരുവായൂരപ്പന്‍ കോളജില്‍ ഒരു യു.യു.സി ഉള്‍പ്പെടെ എട്ടു സീറ്റുകളും കെ.എസ്.യു സ്വന്തമാക്കി.
ഒറ്റയ്ക്കു മത്സരിച്ച കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ എം.എസ്.എഫ് ശക്തമായ കുതിപ്പാണ് നടത്തിയത്. എം.എസ്.എഫിന്റെ ശക്തികേന്ദ്രമായ കക്കോടി ചെറുവറ്റ മോകാസ് കോളജില്‍ ചെയര്‍മാനുള്‍പ്പെടെ മൂന്നു ജനറല്‍ സീറ്റുകളും പയ്യോളി മലബാര്‍ കോളജില്‍ ചെയര്‍മാനുള്‍പ്പെടെ രണ്ടു ജനറല്‍ സീറ്റുകളും എസ്.എഫ്.ഐ പിടിച്ചെടുത്തു. കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി.യില്‍ ഒരു ജനറല്‍ സീറ്റും ഗുരുവായൂരപ്പന്‍ കോളജില്‍ ഒരു സീറ്റും എ.ബി.വി.പിക്ക് നേടാനായി. ജില്ലയിലെ 102 കോളജുകളില്‍ നിന്നായി എം.എസ്.എഫിന് 45 യു.യു.സിമാരും, എസ്.എഫ്.ഐക്ക് 36, കെ.എസ്.യുവിന് 5, മറ്റുള്ളവ സ്വതന്ത്രരുമാണ് നേടിയത്. ആകെ 51 യു.യു.സിമാരെയും യു.ഡി.എസ്.എഫ് സഖ്യത്തിന് വിജയിപ്പിക്കാനായി. 30 കോളജ് യൂനിയനുകള്‍ എസ്.എഫ്.ഐയും മറ്റിടങ്ങളില്‍ എം.എസ്.എഫും കെ.എസ്.യുവും ഭരണം നിലനിര്‍ത്തി.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ്, മടപ്പള്ളി ഗവ. കോളജ്, പേരാമ്പ്ര സി.കെ.ജി കോളജ്, കോടഞ്ചേരി ഗവ. കോളജ്, ചേളന്നൂര്‍ എസ്.എന്‍ കോളജ്, മോകേരി ഗവ. കോളജ്, കുന്ദമംഗലം ഗവ. കോളജ്, ബാലുശേരി ഗവ. കോളജ്, കൊടുവള്ളി ഗവ. കോളജ്, നാദാപുരം ഗവ. കോളജ് കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളജ്, മുക്കം ഐ.ച്ച്.ആര്‍.ഡി കോളജ്, താമരശേരി ഐ.എച്ച്.ആര്‍.ഡി കോളജ്, വടകര കോ-ഓപറേറ്റീവ് കോളജ്, സി.എസ്.ഐ കോളജ് മുക്കാളി ഒഞ്ചിയം, ഗോകുലം ആര്‍ട്‌സ് കോളജ് ബാലുശേരി, എസ്.എന്‍.ഇ.എസ് കോളജ് കുന്ദമംഗലം, ബൈത്തുല്‍ ഉസ്സ ആര്‍ട്‌സ് കോളജ് നരിക്കുനി, എ.ഡബ്ല്യു.എച്ച് കല്ലായി, പി.കെ കോളജ് മാത്തറ തുടങ്ങിയ ജില്ലയിലെ പ്രധാന കലാലയങ്ങളിലെല്ലാം എസ്.എഫ്.ഐ യൂനിയന്‍ നിലനിര്‍ത്തി.
കോഴിക്കോട് ഫാറൂഖ് കോളജ്, കെ.എം.ഒ കൊടുവള്ളി, ഗവ. കോളജ് നാദാപുരം, ഗോള്‍ഡണ്‍ ഹില്‍സ് കോളജ് എളേറ്റില്‍, ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജ്, ഇ.എന്‍ കോളജ് പേരാമ്പ്ര, മൊകാസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചെറുവറ്റ, എസ്.എ കോളജ് ചേന്ദമംഗല്ലൂര്‍ തുടങ്ങിയ കോളജുകളില്‍ എം.എസ്.എഫ് യൂനിയന്‍ നിലനിര്‍ത്തി. തിരുവമ്പാടി അല്‍ഫോണ്‍സ കോളജ്, തിരുവമ്പാടി ഡോണ്‍ ബോസ്‌കോ കോളജ്, കൊടുവള്ളി ഗോള്‍ഡന്‍ ഹില്‍സ് കോളജ്, തിരുവമ്പാടി ലിസ കോളജ് എന്നിവിടങ്ങളിലാണ് കെ.എസ്.യുവിന് യൂനിയന്‍ ലഭിച്ചത്. വടകര കോ-ഓപറേറ്റീവ് കോളജിലും നാദാപുരം ബി.എഡ് കോളജിലും യു.യു.സി സ്ഥാനങ്ങള്‍ കെ.എസ്.യു നേടി.
നാദാപുരം ഗവ. കോളജില്‍ വിജയിച്ച സീറ്റില്‍ മൂന്നെണ്ണവും കെ.എസ്.യുവിനാണ്. ക്രിസ്ത്യന്‍ കോളജില്‍ 140 വോട്ടിന്റെ വലിയ മാര്‍ജിനിലാണ് കെ.എസ്.യു ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ഥി വിജയിച്ചത്.
ഫാറൂഖില്‍ ചരിത്രമെഴുതി മിന
കോഴിക്കോട്: ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷം ചരിത്രത്തിലാദ്യമായി ഫാറൂഖ് കോളജില്‍ ചെയര്‍പേഴ്‌സന്‍. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 140-ല്‍ 83 സീറ്റ് നേടിയ എം.എസ്.എഫിന്റെ പ്രവര്‍ത്തകയായ മിന ഫര്‍സാനയാണ് ഫാറൂഖിന്റെ വിദ്യാര്‍ഥി യൂനിയന്റെ അമരത്തെത്തുന്നത്.
സോഷ്യോളജി വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായ മിന ഫര്‍സാന മലപ്പുറം സ്വദേശിയാണ്. കഴിഞ്ഞ രണ്ടു തവണയും ഇവിടെ നിന്ന് പരാജയം നുണഞ്ഞ മിന ഇത്തവണ ചരിത്രത്തിലേക്കാണ് വിജയിച്ചു കയറിയത്. മിന ഫര്‍സാനക്ക് ബേപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."