കക്കൂസ് മാലിന്യം ഒഴുക്കിവിട്ട നഗരസഭാ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചുപൂട്ടി
ഗുരുവായൂര്‍: നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കുന്നതിനെതിരേ നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് നഗരസഭ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചുപൂട്ടി. നഗരസഭ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനാണ് നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് അധികൃതര്‍ അടച്ചുപൂട്ടിയത്. കംഫര്‍ട് സ്റ്റേഷനിലെ സെപ്ടിക് ടാങ്കിലെ ഔട്പിറ്റില്‍ നിന്നും മാലിന്യം പൈപ്പ് വഴി ബസ് സ്റ്റാന്‍ഡിലെ കാനയിലൂടെ ഒഴുകി ബസ് സ്റ്റാന്‍ഡിന്റെ മുന്നിലെ കാനയില്‍ ചേര്‍ന്ന് ഒഴുകി പോയിരുന്നതാണ്. എന്നാല്‍ അമൃത് പദ്ധതിയില്‍ ബസ് സ്റ്റാന്‍ഡിന് മുന്നിലെ കാന പൊളിച്ച് കോണ്‍ക്രീറ്റ് കാനയാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഈ കാനയിലേക്ക് മാലിന്യം തള്ളിയിരുന്ന എല്ലാ പൈപ്പുകളും അധികൃതര്‍ നീക്കം ചെയ്തിരുന്നു. ഈ കാനയിലേക്ക് ഒരു മാലിന്യവും തള്ളാന്‍ അനുവദിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. ബസ്റ്റാന്റിനകത്തു നിന്നും ഇത്തരത്തില്‍ വന്ന മാലിന്യം തടയപ്പെട്ടതിനെ തുടര്‍ന്ന് ബസ്റ്റാന്റിനകത്തെ കാന നിറഞ്ഞ് ഒഴുകാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായിരുന്നു. യാത്രക്കാര്‍ക്ക് നടന്നു പോവാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. കക്കൂസ് മാലിന്യം നിറഞ്ഞൊഴുകി തളംകെട്ടി ദുരിതപൂര്‍ണമായപ്പോള്‍ സമീപത്തെ ടാക്‌സി ഡ്രൈവര്‍മാരും മറ്റു നാട്ടുകാരും ഇന്നലെ രാവിലെ സംഘടിച്ചെത്തി നഗരസഭ സെക്രട്ടറിയെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും കണ്ട് ഗൗരവപൂര്‍വം സംസാരിച്ചതിനെ തുടര്‍ന്നാണ് നഗരസഭ ഉദ്യോഗസ്ഥരെത്തി കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചു പൂട്ടിയത്. കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചു പൂട്ടിയത് യാത്രക്കാര്‍ക്കും, തീര്‍ഥാടകര്‍ക്കും ബുദ്ധിമുട്ടായി. ശബരിമല സീസണായതിനാല്‍ സാമാന്യം തിരക്കുണ്ട് ഗുരുവായൂരില്‍. ഈ കംഫര്‍ട് സ്റ്റേഷന് സമീപത്താണ് നഗരസഭയുടെ പ്രധാന പാര്‍ക്കിംങ് ഗ്രൗണ്ട്. അതിനാല്‍ തന്നെ പ്രതിദിനം സ്ത്രീകളടക്കമുള്ള നൂറുക്കണക്കിനാളുകള്‍ ഈ കംഫര്‍ട്ട് സ്റ്റേഷനെ ആശ്രയിക്കാറുണ്ട്. അതിനാല്‍ തന്നെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി കംഫര്‍ട്ട് സ്റ്റേഷന്‍ അടിയന്തിരമായി തുറക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."