ബാണാസുരയിലെ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
പടിഞ്ഞാറത്തറ: ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാര്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നു. കേന്ദ്രത്തിലെ നാല്‍പ്പതോളം ജീവനക്കാരാണ് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം പോലും ലഭിക്കാതെ തുച്ഛമായ കൂലിക്ക് വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്നത്.
സമരത്തിന്റെ മുന്നോടിയായി ഇന്നലെ അവകാശ സംരക്ഷണ ദിനമായി ആചരിച്ചു. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങള്‍ ഇതുവരെയും പ്രത്യേക ബോര്‍ഡായി രൂപീകരിക്കപ്പെട്ടിട്ടില്ല. ഇതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കാറില്ല.
പടിഞ്ഞാറത്തറ ഹൈഡല്‍ ടൂറിസം കേന്ദ്രത്തിന് കീഴില്‍ നാല്‍പ്പതോളം ജീവനക്കാരാണ് ജോലി ചെയ്തു വരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും പ്രതിദിനം 300 രൂപയില്‍ താഴെ മാത്രം വേതനം ലഭിക്കുന്നവരാണ്. ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുന്നത് പ്രതിദിനം 450 രൂപയാണ്. സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചത് മിനിമം കൂലി 600 രൂപയാണ്. എന്നാല്‍ ഈ കൂലിയോ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിക്കാറില്ല.
ടൂറിസം കേന്ദ്രത്തില്‍ നിന്നും സര്‍ക്കാര്‍ പ്രതിമാസം ലക്ഷക്കണക്കിന് വരുമാനം നേടിയെടുക്കുമ്പോള്‍ ജീവനക്കാര്‍ക്ക് തുച്ഛവേതനം നല്കുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ സമര പരിപാടികളുമായി മുന്നോട്ട് പോകാനൊരുങ്ങുന്നത്.
സര്‍ക്കാര്‍ അംഗീകരിച്ച മിനിമം വേജസ് ആക്ട് പ്രകാരമുള്ള വേതനം നല്‍കുക, ജോലിസമയം നിജപ്പെടുത്തുക, ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇന്നലെ അവകാശ ദിനമായി ആചരിച്ചത്. സി.ഐ.ടി.യുവിന്റെ കീഴിലുള്ള ഹോഡ്ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ ഹൈഡല്‍ ടൂറിസം യൂനിറ്റിന്റെ കീഴിലാണ് ജീവനക്കാര്‍ അവകാശദിനം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രകടനം യൂനിറ്റ് സെക്രട്ടറി പ്രദീപന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സജീവന് അധ്യക്ഷനായി. സന്തോഷ്കുമാര്‍, രാമചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."