മൂവാറ്റുപുഴയില്‍ സമഗ്ര ടൂറിസം വികസന രേഖ തയാറാക്കുന്നതിന് പഠനം ആരംഭിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ടൂറിസം വികസനത്തിന് പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി സമഗ്ര ടൂറിസം വികസന രേഖ തയാറാക്കുന്നതിന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പഠനം ആരംഭിച്ചു. ടൂറിസം വകുപ്പ് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ പി.ജി.ശിവന്‍, ടൂറിസം വകുപ്പ് ആര്‍ക്കിടെക് കണ്‍സള്‍ട്ടന്റ് പി.സി റഷീദ്, ടൂറിസം വകുപ്പ് സീനിയര്‍ എഞ്ചിനിയര്‍ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പഠനം നടത്തുന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തില്‍ അകാലത്തില്‍ പൊലിഞ്ഞതും പാതിവഴിയില്‍ നിലച്ചതുമായ ടൂറിസം പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പഠനം ആരംഭിച്ചത്. ലോക ഭൂപടത്തില്‍ വാഴക്കുളം പൈനാപ്പിള്‍ അറിയപ്പെടാന്‍ തുടങ്ങിയതോടെ പൈനാപ്പിളിനെ കുറിച്ച് പഠിക്കുന്നതിനും പൈനാപ്പിളിന്റെ വിവിധ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ഈ ടൂറിസം പദ്ധതി പ്രയോചനകരമാകുമെന്ന് സംഘം വിലയിരുത്തി.
മൂവാറ്റുപുഴ പുഴയോര ടൂറിസം, മാറാടി പഞ്ചായത്തിലെ റൂറല്‍ സര്‍ക്യൂട്ട് ടൂറിസം, ആരക്കുഴ പഞ്ചായത്തിലെ കൊടികുത്തിപാറ ഇക്കോ ടൂറിസം , മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ മണിയന്തടം പാറ, പൈനാപ്പിള്‍ സിറ്റി ടൂറിസം, കല്ലൂര്‍ക്കാട് പഞ്ചായത്തിലെ ചെമ്പന്‍മല ടൂറിസം, പായിപ്ര പഞ്ചായത്തിലെ പോയാലിമല ടൂറിസം എന്നിവ അടക്കമുള്ള എട്ടോളം വിനോദ സഞ്ചാര വികസന പദ്ധതികളാണ് പുനരുജ്ജീവിപ്പിക്കുന്നത്. മൂവാറ്റുപുഴ നഗരസഭയില്‍ നടപ്പിലാക്കിയ പുഴയോരം ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കച്ചേരിത്താഴം പാലം വരെയുള്ള വാക്ക് വേ നിര്‍മ്മാണം, ത്രിവേണി സംഗമത്തില്‍ തൂക്കുപാലം എന്നിവയും നഗരസഭയിലെ രണ്ട് പാര്‍ക്കുകളും ആധുനീക രീതിയില്‍ നവീകരിച്ച് പുഴയോരം ടൂറിസം പദ്ധതിയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."