കരിമ്പിയമ്മയും മീനാക്ഷി ചേച്ചിയും ആദ്യമായി ട്രെയിന്‍, കപ്പല്‍ യാത്രകള്‍ നടത്തി
അബ്ദുല്ല കരിപ്പമണ്ണ
ശ്രീകൃഷ്ണപുരം: ആലുവയിലെ മെട്രോ റെയില്‍ സ്റ്റേഷനില്‍ അവരെത്തി. ട്രെയിന്‍ വന്നു നിന്നപ്പോള്‍ ആദ്യം അവരൊന്നമ്പരന്നു. പിന്നീടതിനെ തൊട്ടു നോക്കി ട്രെയിനിലേക്ക് കയറിയിരുന്നു. ചൂളം വിളിച്ചു പോകുന്ന ട്രെയിന്റെ ചില്ല്ജനാലയിലൂടെ പുറത്തേക്ക് നോക്കി. മാനം മുട്ടെയുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍, താഴെ നിരത്തിലൂടെ ഒഴുകി പരന്നു പോകുന്ന ചെറുവാഹനങ്ങള്‍ അങ്ങിങ്ങായുള്ള പച്ചപ്പുകള്‍ ആദ്യമുണ്ടായ അമ്പരപ്പ് മാറി ചെറുചിരി പടര്‍ന്നു പിന്നീടത് പൊട്ടിച്ചിരിയായി മാറി. മണ്ണമ്പറ്റ മുണ്ടക്കില്‍ പറമ്പ് കോളണിയിലെ കരിമ്പിയമ്മ, മീനാക്ഷി ചേച്ചി, കുഞ്ഞുകുട്ടി മുത്തശ്ശി, അമ്മിണി ചേച്ചിമാര്‍ ഇവരുടെ ജീവിതത്തിലെ ആദ്യാനുഭവമാണിത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രവുമായി ചേര്‍ന്നു നടപ്പിലാക്കുന്ന സൗഖ്യം പദ്ധതിയുടെ ഭാഗമായുള്ള വയോജന യാത്രയില്‍ പങ്കെടുത്താണ് ഇവര്‍ നാടുവിട്ട് യാത്ര പോയത്. പുഞ്ചിരി ക്ലബ് നേതൃത്വം നല്‍കിയ ഈ യാത്രയില്‍ ഇവരോടൊപ്പം ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി എഴുപത്തിരണ്ടു മുതിര്‍ന്ന പൗരന്മാരുമുണ്ടായിരുന്നു. കടമ്പഴിപുറത്ത്‌നിന്ന് നേരെ ആലുവയിലെത്തി. മെട്രോ ട്രെയിനില്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള ആകാശയാത്ര കഴിഞ്ഞ് നേരെ മറൈന്‍ ഡ്രൈവിലേക്ക്, ഉച്ചയൂണു കഴിഞ്ഞ് സാഗര റാണിയെന്ന കൊച്ചു കപ്പലില്‍ കടല്‍യാത്ര. കപ്പല്‍ നിര്‍മാണശാല, ബോള്‍ഗാള്‍ട്ടി പാലസ്, വെല്ലിങ്ടണ്‍ ഐലന്റ്, വല്ലാര്‍പാടം ടെര്‍മിനല്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ജൂതപള്ളി, പഴയ കൊട്ടാരം, ഗോശ്രി പാലം എന്നിവയെല്ലാം കപ്പല്‍യാത്രയിലെ കാഴ്ചകളായിരുന്നു.
യാത്രയിലുടനീളം പാട്ടും കളിയുമായി ഒരു മുഴുദിന ഉല്ലാസയാത്ര. കുളക്കാട്ടു കുറുശ്ശിയിലെ ചാമിയേട്ടന്റെ ചവിട്ടു കളി, പുല്ലശ്ശേരിയിലെ നെല്ലിശ്ശേരി ലക്ഷ്മിയുടെ നാടന്‍പാട്ട്, ചാഴിയോട് അയ്യപ്പന്‍ വൈദ്യരുടെ പഴം പാട്ടുകള്‍, ആനവരമ്പ് ജോണിയുടെ ജീവിത കഥ, പള്ളിക്കുറുപ്പ് വിജയന്റെ കഥാപ്രസംഗം, ശാന്തകുമാരി ജ്യോതി എന്നിവരുടെ സംഘഗാനങ്ങള്‍, ഇവരോടൊപ്പം നൃത്തച്ചുവടുമായി സംഘാംഗങ്ങളും. ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി വിയര്‍പ്പൊഴുക്കി നടന്നവര്‍ നാടിന്റെ വര്‍ണ വിസ്മയങ്ങള്‍ നാളിതുവരെ കാണാനാകാത്ത ഹതഭാഗ്യര്‍, ജിവിതത്തിന്റെ സായാഹ്ന വേളയില്‍ മനസ് മുരടിച്ച് കഴിയുന്നവര്‍, വേദനകള്‍ കടിച്ചമര്‍ത്തി ജീവിതം തള്ളിനീക്കുന്നവര്‍, ഇത്തരം നാടിന്റെ അകത്തളങ്ങളില്‍ കഴിയുന്നവര്‍ക്ക് ഓര്‍ക്കാനും ഓര്‍മിക്കാനും ഓര്‍മയുടെ മണിച്ചെപ്പില്‍ സൂക്ഷിക്കാനുമായി ഒട്ടേറെ മധുരിക്കുന്ന അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടുള്ള ഒരു സുദിനം. വയോജനക്ഷേമപദ്ധതിയായ സൗഖ്യത്തിന്റെ മറ്റൊരു സുവര്‍ണ ഏടായി വയോജന യാത്രയെ മാറ്റാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."