അനീശക്കും മിലിനിസിനും വേണ്ടി പ്രാര്‍ത്ഥനയോടെ ലോകം, സയാമീസ് ഇരട്ടകളെ വേര്‍പിരിക്കാന്‍ 32 പേര്‍ അടങ്ങുന്ന സംഘം, 14 മണിക്കൂര്‍, 9 ഘട്ടങ്ങള്‍
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ശരീരം ഒട്ടിച്ചേര്‍ന്ന നിലയില്‍ പ്രസവിക്കപ്പെട്ട കുരുന്നുകളെ വേര്‍പ്പെടുത്താനുള്ള അതി കഠിനമായ ശസ്ത്ര ക്രിയക്ക് നാളെ സാക്ഷിയാകും. ടാന്‍സാനിയന്‍ സയാമീസ് ഇരട്ടകളായ അനീശക്കും മിലിനിസിനുമാണ് നാളെ ഇരു മെയ്യായി വേര്‍പിരിക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തുക. അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍
റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമീസ് ഇരട്ടകള്‍ക്ക് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്ന മെഡിക്കല്‍ സംഘം നേതാവുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ സംഘം വിലയിരുത്തി.
നെഞ്ചിന്റെ അടിഭാഗത്തും വയറും ഇടുപ്പും ഒട്ടിപ്പിടിച്ച നിലയിലുള്ള പെണ്‍കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ കാല്‍ വീതമാണുള്ളത്. മറ്റൊരു കാല്‍ രണ്ടു പേരും പങ്കുവെക്കുന്നു. കുട്ടികളുടെ കരളും കുടലുകളും ജനനേന്ദ്രിയങ്ങളും മൂത്രസംവിധാനവും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലാണ്. ഇത് കൊണ്ട് തന്നെ അറുപതു ശതമാനമാണ് വിജയ സാധ്യത. പതിമൂന്നര മണിക്കൂര്‍ പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയക്ക് ഡോക്ടര്‍മാരും ടെക്‌നിഷ്യന്മാരും നഴ്‌സുമാരം അടക്കം 32 പേര്‍ അടങ്ങിയ മെഡിക്കല്‍ സംഘം ഒമ്പതു ഘട്ടമായമാണ് ശസ്ത്രക്രിയ നടത്തുക.
സഊദിയില്‍ സയാമീസ് ഇരട്ടകള്‍ക്ക് നടത്തുന്ന 47 ആ മത്തെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയാണിത്. രാജ്യത്ത് ആദ്യമായി സയാമീസ് ഇരട്ടകള്‍ക്ക് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തിയത് 1990 ഡിസംബര്‍ 31 ന് ആയിരുന്നു. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ച് ഡോ. അബ്ദുല്ല അല്‍റബീഅയാണ് ഓപറേഷന്‍ നടത്തിയത്. പിന്നീട് ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ താലിയക്കും താലീനും നടത്തിയ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കും നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു. തത്സമയ സംപ്രേഷണം നടത്തിയ ആദ്യ ശസ്ത്രക്രിയയായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."