കടലാടിപ്പാറ ഖനനം: കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി
കലക്ടര്‍ കൈമാറിയ റിപ്പോര്‍ട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു അയച്ചുകൊടുക്കും
നീലേശ്വരം: കടലാടിപ്പാറ ഖനനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശ പ്രകാരം നടന്ന പൊതുതെളിവെടുപ്പ് ജനകീയ പ്രതിഷേധത്തെ തുടര്‍ന്നു ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം വിശദീകരിച്ചു കലക്ടര്‍ കെ. ജീവന്‍ ബാബു റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണു റിപ്പോര്‍ട്ട് നല്‍കിയത്. നടപടികളുടെ മിനുട്‌സും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ എതിര്‍പ്പു മറികടന്നു പൊതുതെളിവെടുപ്പു നടത്താന്‍ കഴിഞ്ഞില്ലെന്നാണു റിപ്പോര്‍ട്ടിലുള്ളത്.
കലക്ടറുടെ അധ്യക്ഷതയിലായിരുന്നു തെളിവെടുപ്പു നിശ്ചയിച്ചിരുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോഴിക്കോട് റിജ്യണല്‍ ഓഫിസിലെ ചീഫ് എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍ എം.എസ് ഷീബ, എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍ ഷബ്‌ന ബഷീര്‍, അസി.എന്‍ജിനിയര്‍ പി.എസ് സൗമ്യ, ബോര്‍ഡ് ജില്ലാ ഓഫിസിലെ എന്‍ജിനിയര്‍ എബി വര്‍ഗീസ്, അസി. എന്‍ജിനിയര്‍ രവികുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഓഗസ്റ്റ് അഞ്ചിനു നിശ്ചയിച്ച തെളിവെടുപ്പിന്റെ റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്ഥാന ഓഫിസ് മുഖാന്തിരം ഏഴു ദിവസത്തിനകം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചിരിക്കണമെന്നാണു ചട്ടം.
കലക്ടര്‍ കൈമാറിയ റിപ്പോര്‍ട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു അയച്ചുകൊടുക്കും. അതേസമയം, തെളിവെടുപ്പ് ഉപേക്ഷിക്കേണ്ടി വന്നതിന്റെ പശ്ചാത്തലത്തില്‍ ഖനനാനുമതി നേടിയെടുക്കാന്‍ രംഗത്തുള്ള മുംബൈയിലെ ആശാപുര കമ്പനി വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
കലക്ടര്‍ നല്‍കുന്ന മിനുട്‌സിന്റെയും റിപ്പോര്‍ട്ടിന്റെയും നിലയും കമ്പനിയുടെ നീക്കങ്ങളും വിലയിരുത്തി ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണു കിനാനൂര്‍-കരിന്തളം പഞ്ചായത്തും പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല ചെയര്‍മാനായ സര്‍വകക്ഷി ജനകീയ സമിതിയും ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."