നെല്‍കൃഷിക്കു ഭീഷണിയായി നീലവണ്ടുകളുടെ അക്രമണം
കാഞ്ഞങ്ങാട്: നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന വണ്ടുകളുടെ അക്രമണം വ്യാപകമാകുന്നു. 'ഉമ' നെല്‍വിത്തിറക്കിയ പാടങ്ങളിലാണു കര്‍ഷകര്‍ക്കു ദുരിതമായി നീല വണ്ടിന്റെ ശല്യമുള്ളത്. ഇതു കാരണം നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുകയാണ്. നീല വണ്ടിനെ പ്രതിരോധിക്കാന്‍ ജൈവ രീതിയിലുള്ള മരുന്നുകള്‍ തളിക്കുന്നുണ്ടെങ്കിലും ഒരു മാറ്റവുമില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. 'ഉമ' നെല്ലിനു മാത്രമേ വണ്ടിന്റെ അക്രമണം ഉണ്ടാകുന്നുള്ളുവെന്നാണു കര്‍ഷകര്‍ പറയുന്നത്.
'ഉമ' നെല്‍കൃഷി ചെയ്യുന്ന പാടത്തിനു സമീപത്തുള്ള വേറെ ഇനത്തില്‍പ്പെട്ട നെല്‍ച്ചെടികള്‍ക്കു വണ്ടിന്റെ അക്രമം ഉണ്ടാകുന്നില്ലെന്നും അവര്‍ പറയുന്നു. കാരാട്ട്‌വയല്‍ പാടശേഖരത്ത് ഏക്കര്‍ കണക്കിനു നെല്‍കൃഷിയാണു നീലവണ്ടിന്റെ ശല്യം കാരണം നശിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു കാരാട്ട് വയല്‍ പാടശേഖര സമിതി 'ഉമ' നെല്‍കൃഷി ചെയ്യുന്നത്. രണ്ടു മാസം പ്രായമായ തൈകള്‍ക്കാണു കീടബാധയുണ്ടായിരിക്കുന്നത്.
വണ്ടിനൊപ്പം പുഴുക്കളും നെല്ലില്‍ നിന്നു ഹരിതകം ഊറ്റിക്കുടിക്കുന്നതിനാലാണു തൈകള്‍ ഉണങ്ങുന്നത്. കാര്‍ഷിക കര്‍മ്മസേനയിലെ അംഗങ്ങളായ രാജ് മോഹന്‍ ഐങ്ങോത്ത്, മനോജ് മടിക്കൈ എന്നിവരുടെ 50 സെന്റ് ഭൂമിയിലെ കൃഷിയും ശ്രീനിവാസന്റെ രണ്ടര ഏക്കറിലും ഗണേശന്‍, യമുന എന്നിവരുടെ ഒന്നരേക്കര്‍ കൃഷിയുമാണ് നശിച്ചത്.
കൃഷി ഓഫിസര്‍ ദിനേശന്‍, കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഡോ. ശ്രീകുമാര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം മണ്ണെണ്ണയും സോപ്പ് ലായനിയും ചേര്‍ത്ത മിശ്രിതം തളിച്ചെങ്കിലും വലിയ ഗുണമൊന്നും ഉണ്ടായില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. ഉയര്‍ന്ന താപനില, ഉയര്‍ന്ന ഈര്‍പ്പം എന്നീ സാഹചര്യങ്ങളിലാണു നീലവണ്ടിന്റെ വംശവര്‍ധനവുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."