പി.കെ.ബിജു എം.പി റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ നേരിട്ടു കണ്ട് നിവേദനം നല്‍കി
പാലക്കാട്: ഗേജ് മാറ്റത്തിനു ശേഷം പാലക്കാട്-പൊളളാച്ചി റൂട്ടില്‍ നിര്‍ത്തലാക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനും, പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.കെ.ബിജു.എം.പി റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ നേരിട്ടു കണ്ട് നിവേദനം നല്‍കി. ഗേജ് മാറ്റത്തിനായി 2008 ല്‍ അടച്ചിട്ട പ്രസ്തുത റൂട്ടില്‍ 2016 ലാണ് വീണ്ടും സര്‍വ്വീസ് ആരംഭിച്ചത്.
1932 ഏപ്രില്‍ ഒന്നിന് കമ്മീഷന്‍ ചെയ്തതു മുതല്‍ ഗേജ് മാറ്റത്തിനായി അടച്ചിട്ട 2008 ഡിസംബര്‍ പത്ത് വരെ സാധാരണ യാത്രക്കാരും, തീര്‍ത്ഥാടനത്തിനും, കച്ചവടത്തിനുമായി സൗകര്യമൊരുക്കിയ റെയില്‍വേ അധികൃതര്‍ പാലക്കാട്-പൊളളാച്ചി റൂട്ട് പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയിരുന്നു. ഗേജ് മാറ്റം, പുതിയ സ്റ്റേഷനുകളുടെ നിര്‍മ്മാണം, ലെവല്‍ ക്രോസിംഗ്, സിഗ്നല്‍ സമ്പ്രദായം, ടെലി കമ്മ്യൂണിക്കേഷന്‍, നിലവാരമുളള പ്ലാറ്റ്‌ഫോമുകള്‍, ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, അടിപ്പാത, യാത്രക്കാര്‍ക്കായുളള ഇതര സൗകര്യങ്ങള്‍ എന്നിവക്കായി സതേണ്‍ റെയില്‍വേ 350 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
പാലക്കാട്-പൊളളാച്ചി റൂട്ടിന്റെ വികസനത്തിനായി ഇത്രയും ഭീമമായ തുക ചെലവഴിച്ചിട്ടും, പ്രസ്തുത റൂട്ടിനെ പൂര്‍ണ്ണമായും തഴയുന്ന സമീപനമാണ് റെയില്‍വേ അധികൃതര്‍ സ്വീകരിച്ചിട്ടുളളത്. നിലവില്‍ നാലു പാസഞ്ചര്‍ ട്രെയിനുകളും, രണ്ടു സ്‌പെഷ്യല്‍ എക്‌സ്പ്രസ്സ് ട്രെയിനുകളും മാത്രമാണ് ഈ റൂട്ടിലൂടെ സര്‍വ്വീസ് നടത്തുന്നത്. കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഗുരുവായൂര്‍, രാമേശ്വരം, മധുരൈ എന്നിവിടങ്ങളായി ബന്ധിപ്പിക്കുന്നതും പാലക്കാട്-പൊളളാച്ചി റൂട്ടിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്. ഗുരുവായൂരും, രാമേശ്വരവുമായി പരസ്പരം ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വ്വീസ് പാലക്കാട്-പൊളളാച്ചി റൂട്ടില്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചാല്‍ രണ്ടു സംസ്ഥാനങ്ങളിലേയും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഗുണം ലഭിക്കും.
ഗേജ് മാറ്റത്തിനു മുന്‍പ് പുതുനഗരം, വടകനികപുരം, കൊല്ലങ്കോട് ജംഗ്ഷന്‍, മുതലമട റെയില്‍വേ സ്റ്റേഷനുകള്‍ കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കര്‍ഷകരുടേയും, ചെറുകിട കച്ചവടക്കാരുടേയും പ്രധാന കച്ചവട കേന്ദ്രങ്ങളായിരുന്നു.
ഗേജ് മാറ്റത്തിനു ശേഷം റെയില്‍വേ അധികൃതര്‍ ഈ റൂട്ടിനെ തഴഞ്ഞതോടെ മേഖലയിലെ വ്യാപാരത്തിന് കടുത്ത മങ്ങലേല്‍ക്കുകയും ചെയ്തു. ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതോടെ ജില്ലയിലെ കാര്‍ഷിക-ഗതാഗത മേഖലയില്‍ അഭിവൃദ്ധിയുണ്ടാകും. പാലക്കാട് ഡിവിഷനില്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ചും, പുതിയ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയും പാലക്കാട്-പൊളളാച്ചി റൂട്ടിന്റെ വികസനം സാദ്ധ്യമാകുമെന്നും എം.പി ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."