നവോത്ഥാന മറവിലെ 'മതില്‍' ചരിത്രത്തെ വിസ്മരിക്കുന്നു
നാസര്‍ ഫൈസി കൂടത്തായി
ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, വി.ടി ഭട്ടതിരിപ്പാട്, സഹോദരന്‍ അയ്യപ്പന്‍, അയ്യാ വൈകുണ്ഡന്‍ തുടങ്ങിയ പരിഷ്‌കര്‍ത്താക്കളെയും അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠയും ചാന്നാര്‍ ലഹള, വൈക്കം സത്യഗ്രഹം തുടങ്ങിയവയും എസ്.എന്‍.ഡി.പി, സാധുജനപരിപാലന സംഘം എന്നീ ആജീവനാന്ത അംഗത്വമുള്ള സംഘടനകളെയും മാത്രം പൊക്കിപ്പിടിച്ച് കേരളീയ നവോത്ഥാനത്തെ ഒരു വിഭാഗത്തിനു മാത്രമാക്കി ചിത്രീകരിക്കുന്ന മതിലും കാംപയിനുകളുമാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശനത്തെ നവോത്ഥാനത്തിന്റെ എണ്ണി വരുന്ന പട്ടികയില്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയനെ പരിഷ്‌കര്‍ത്താക്കളുടെ പട്ടികയില്‍ എഴുതിച്ചേര്‍ക്കാനുമാണ് പുതിയ ശ്രമങ്ങള്‍. സാമൂഹിക പരിഷ്‌കരണമായിക്കാണുകയും ഒരു മത വിഭാഗത്തിന്റെ ആളുകളെയും വക്താക്കളെയും മാത്രം പരിഷ്‌കര്‍ത്താക്കളാക്കുകയും ചെയ്ത് വര്‍ഗം തിരിച്ചു മതിലു പണിയുകയാണിവിടെ.
ഇടതുവേദികളിലും സര്‍ക്കാര്‍ ചെലവുകളിലും നവോത്ഥാനത്തെ പാര്‍ശ്വവല്‍ക്കരിച്ചു കാണിക്കുന്നു. സവര്‍ണ ഹിന്ദു സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനുള്ള അവകാശം ചാന്നാര്‍ സ്ത്രീകള്‍ക്കും വേണമെന്നാവശ്യപ്പെട്ട് തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സമുദായക്കാര്‍ നടത്തിയ മേല്‍മുണ്ട് സമരമാണ് ചാന്നാര്‍ ലഹള. അതിന്റെ വിജയ പ്രഖ്യാപനമാണ് 1959ല്‍ ഗവണ്‍മെന്റ് അവകാശ സംരക്ഷണം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇതിനു മുക്കാല്‍ നൂറ്റാണ്ടു മുന്‍പ് ടിപ്പു സുല്‍ത്താന്‍ മലബാറില്‍ താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ മാറു മറയ്ക്കണമെന്ന് കര്‍ശനമായി നിര്‍ദേശിക്കുകയും അതിനുവേണ്ടി ധനസഹായം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചാന്നാര്‍ ലഹള വെണ്ടക്ക നിരത്തുമ്പോഴും ടിപ്പുവിന്റെ പരിഷ്‌കരണം തമസ്‌കരിക്കപ്പെടുന്നു.
മുസ്‌ലിം പണ്ഡിതന്മാര്‍ ഇസ്‌ലാമിക പ്രബോധനം എന്നപോലെ സാമൂഹിക പരിഷ്‌കരണങ്ങളും നവോത്ഥാന പ്രവര്‍ത്തനങ്ങളും നടത്തിയത് ചര്‍ച്ച ചെയ്യപ്പെടണം. നാട്ടുകൂട്ടങ്ങളില്‍ പൗരാണികമായി നിലനിന്നിരുന്ന അയിത്തം, സ്ത്രീവിരുദ്ധത, അടിമത്വം, ജാതിമേധാവിത്വം എന്നീ ജീര്‍ണതകള്‍ക്കെതിരേ മുസ്‌ലിം പണ്ഡിതന്മാരുടെ സമരപോരാട്ടങ്ങള്‍ തമസ്‌കരിക്കപ്പെട്ടുകൂടാ. സ്വസമുദായത്തെ ബാധിക്കാത്തതായിട്ടുപോലും സാമൂഹ്യമാറ്റത്തിനു വേണ്ടിയും നവോത്ഥാനത്തിനു വേണ്ടിയും അവര്‍ നിലകൊണ്ടു. ഒരു നൂറ്റാണ്ടു പഴക്കത്തിലെ ചില ഉല്‍പതിഷ്ണുക്കളുടെ ലേഖന പരമ്പരകള്‍ പൊക്കിക്കാട്ടി മുസ്‌ലിമിനെ അടയാളപ്പെടുത്തുമ്പോള്‍ നാലര നൂറ്റാണ്ടപ്പുറത്ത് ആരംഭിച്ച സാമൂഹ്യ പരിഷ്‌കരണങ്ങളെ മായ്ച്ചുകളയുകയാണ്.
നാലര നൂറ്റാണ്ട് മുന്‍പ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) ഒന്നാമനും രണ്ടാമനും ഖാസി മുഹമ്മദും (റ) മമ്പുറം സയ്യിദ് അലവി തങ്ങളും (ഖ:സി) സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളും ( ഖ:സി) ടിപ്പു സുല്‍ത്താനും നിര്‍വഹിച്ച നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പില്‍ക്കാല പരിഷ്‌കര്‍ത്താക്കള്‍ക്കു ശക്തി പകര്‍ന്നു എന്നതാണ് വാസ്തവം.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ)
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' കേരളത്തിന്റെ ആദ്യത്തെ ചരിത്ര ഗ്രന്ഥമാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരേ സാമൂതിരിയുടെ പട നയിച്ച സമരങ്ങള്‍ മാത്രമല്ല ഗ്രന്ഥത്തിന്റെ വിവരണം. വിദേശികള്‍ക്കെതിരേ നാട്ടുരാജാവിനെ രക്ഷിക്കാന്‍ ആയുധമേന്താന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെങ്കിലും നിഷ്പക്ഷമായ കേരള ചരിത്രം രചിക്കപ്പെട്ടു. ഉള്ളത് ഉള്ളതുപോലെ ശൈഖ് പറഞ്ഞു എന്ന് മലബാര്‍ മാന്വലില്‍ ലോഗന്‍ പറയുന്നു.
ഡോ. എം.ജി.എസ് നാരായണന്‍ എഴുതുന്നു: 'നാലഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇത്തരത്തിലൊരു ദാര്‍ശനികന്‍ നമുക്കുണ്ടായിരുന്നു. അദ്ദേഹം സാമൂതിരിയുടെ ഉപദേശകന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ നേതൃത്വത്തില്‍ കേരളത്തില്‍ സമുദായ സൗഹാര്‍ദത്തിന്, പുതിയ ഭാഷയില്‍ നാം പറയുന്ന സെക്യുലറിസത്തിന് മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞു' (തുഹ്ഫത്തുല്‍ മുജാഹിദീന്‍ വഴിയും വായനയും, പേജ് 21).
ചരിത്രം പറഞ്ഞുപോകുന്ന രീതിയല്ല; സമൂഹത്തില്‍ ഇടപെടുകയും പരിഷ്‌കരണം നടത്തുകയുമാണ് ശൈഖ് ചെയ്തത് . അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ തൊട്ടുകൂടായ്മയ്ക്കും ചാതുര്‍വര്‍ണ്യത്തിനുമെതിരേ തുറന്നടിച്ച് അവിശ്വാസികള്‍ക്കെതിരേയുള്ള യുദ്ധമായി പോര്‍ച്ചുഗീസ് വിരുദ്ധ യുദ്ധത്തെ ശൈഖ് അവതരിപ്പിക്കുമ്പോള്‍ ഹിന്ദുവായ സാമൂതിരിയുടെ അധികാര സംരക്ഷണത്തിനും ഹിന്ദുക്കളായ നായര്‍ പടയാളികളുടെ പങ്കാളിത്തവുമാണ് അതു നിര്‍വഹിച്ചതെന്നു പറയുകവഴി ഹിന്ദുക്കളെ യുദ്ധ വിഷയത്തില്‍ അവിശ്വാസി പട്ടികയില്‍ ശൈഖ് ഉള്‍പ്പെടുത്തുന്നില്ല. മതസൗഹാര്‍ദത്തിനു വലിയൊരു കരുത്തുറ്റ മതിലാണ് അദ്ദേഹം പണിതത്.
തുഹ്ഫതുല്‍ മുജാഹിദീന്റെ പരിസരത്തു നിന്നുകൊണ്ടാണ് ഇന്നത്തെ സൗഹൃദ മണ്ഡലം പുഷ്‌കലമാകുന്നത്. ഖാസി മുഹമ്മദ് (റ) ഫത്ഹുല്‍ മുബീനിലും അദ്ദേഹത്തിന്റെ ഖുതുബകളിലും ( അല്‍ ഖുതുബതുല്‍ ജിഹാദിയ്യ) നിര്‍വഹിച്ചത് അതേ രീതി തന്നെയാണ്.
മതംമാറ്റം അക്കാലത്ത് സാമൂഹ്യ പരിവര്‍ത്തനത്തിനു വേണ്ടിയെന്ന് കണക്കാക്കപ്പെട്ടിരുന്നു. ജാതീയതയില്‍ പൊറുതിമുട്ടി സവര്‍ണരുടെ പീഡനം സഹിക്കവയ്യാതെ ഇസ്‌ലാം മതം സ്വീകരിക്കുക വഴി ജീവിതം സുരക്ഷിതമാക്കപ്പെട്ടു. മുസ്‌ലിം കച്ചവടക്കാര്‍ കീഴാളരെ കൂടെ ചേര്‍ക്കാന്‍ തയാറായിട്ടും സവര്‍ണര്‍ അതു തടഞ്ഞിരുന്നു. പിന്നെ മതം മാറുക മാത്രമാണ് കീഴാളരുടെ മുന്നിലുള്ള ഏക മാര്‍ഗം. വി. സി ശ്രീജന്‍ എഴുതുന്നു: 'അക്കാലത്ത് മതം മാറുന്നതിനെ എതിര്‍ക്കുകയോ മതം മാറിക്കഴിഞ്ഞാല്‍ പക വയ്ക്കുകയോ ചെയ്തിരുന്നില്ല. മതം മാറ്റത്തിനു പിറകിലും ഉണ്ടായിരുന്നു സാമ്പത്തികമായ ഒരു കാരണം. മുസ്‌ലിം കച്ചവടക്കാര്‍ക്ക് അവരുടെ ചരക്കുകള്‍ കൊണ്ടുപോകാന്‍ ജോലിക്കാര്‍ വേണമായിരുന്നു. കീഴാളരെ ജോലിക്ക് വച്ചാലുണ്ടാകുന്ന ബുദ്ധിമുട്ട് അവര്‍ക്ക് പൊതുവഴികളിലൂടെ സഞ്ചരിക്കാന്‍ കഴിയില്ല എന്നതാണ്. അറിയാതെ സവര്‍ണരുടെ മുന്നില്‍ പെട്ടുപോയാല്‍ ഉടനെ അവരെ വെട്ടിക്കൊല്ലും. ഇങ്ങനെ ഒരു ജോലിക്കാരനെ കൊന്നാല്‍ നഷ്ടം അയാളെ നിശ്ചയിച്ച കച്ചവടക്കാരനാണ്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ തങ്ങളുടെ കച്ചവടം നടത്താന്‍ ആവശ്യമായ അത്രയും ജോലിക്കാരെ മതം മാറാന്‍ അനുവദിക്കണമെന്ന് കച്ചവടക്കാര്‍ സാമൂതിരിയോട് അപേക്ഷിക്കുകയും സാമൂതിരി അപേക്ഷ അനുവദിക്കുകയും ചെയ്തു. കീഴാളര്‍ മുസ്‌ലിം ആകുന്നതോടെ അവര്‍ക്ക് ഇല്ലാതിരുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും കൈവരുമായിരുന്നു എന്നതിനാല്‍ തന്നെ നിര്‍ബന്ധമൊന്നുമില്ലെങ്കിലും ആ വിഭാഗത്തില്‍പെട്ടവര്‍ സ്വമേധയാ മതം മാറുമായിരുന്നു എന്ന് സങ്കല്‍പ്പിക്കുന്നതില്‍ തെറ്റില്ല.' (തുഹ്ഫത്തുല്‍ മുജാഹിദീന്‍ അവലോകനം, പേജ് 27)
സാമൂതിരിയും നായര്‍ പടയാളികളും മുസ്‌ലിം പോരാളികളും ചേര്‍ന്നു നടത്തിയ പോര്‍ച്ചുഗീസ്‌വിരുദ്ധ പോരാട്ടം ലക്ഷ്യമാക്കിയതും നേടിയതും പലതാണ്. അധിനിവേശത്തിനെതിരേ സ്വരാജ്യത്തിന്റെ ചെറുത്തുനില്‍പ്പ്, ജാതീയത പേക്കൂത്ത് നടത്തി സ്വദേശീയരില്‍ ഉണ്ടാക്കിയ വിഭാഗീയധാരകളെ പൊളിച്ചടുക്കാന്‍ പര്യാപ്തമായ മതംമാറ്റം, നായന്മാര്‍ക്കൊപ്പം നില്‍ക്കാനും ഒരുവേള അവര്‍ പോലും നിഷിദ്ധമാക്കിയ കടല്‍ യുദ്ധം ചെയ്യാന്‍ കീഴാളക്കും അവസരം നല്‍കിയത്, മതസൗഹാര്‍ദത്തിന്റെ പരിസരം സൃഷ്ടിച്ചത്, മതേതരത്വത്തിനു മാതൃക പണിതത് അങ്ങനെ പല സംഭാവനകളും ആ കൂട്ടായ്മ നേടി. കോഴിക്കോട് ഖാസി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് (മരണം 1616) 'ഫത്ഹുല്‍ മുബീന്‍' (വ്യക്തമായ വിജയം) എന്ന കാവ്യ രചന നിര്‍വഹിച്ചത് പ്രസ്തുത കൂട്ടായ്മ ചാലിയത്തെ പോര്‍ച്ചുഗീസ് കോട്ട ആക്രമിച്ചു തകര്‍ത്തതിന്റെ വിജയമാഘോഷിക്കാനാണ്. ആഘോഷം നിര്‍വഹിച്ച നവോത്ഥാനത്തെ സ്പര്‍ശിച്ച് ചരിത്രകാരനായ എം. ഗംഗാധരന്‍ മുന്നോട്ടു വയ്ക്കുന്ന നിരീക്ഷണമുണ്ട്: ' ഒരുനാടിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ വിദേശത്തു നിന്ന് ലഭിക്കാവുന്ന വമ്പന്‍മാരുടെ സഹായത്തെക്കാള്‍ വിശ്വസിക്കാവുന്നതും ഉറപ്പിക്കാവുന്നതും നാട്ടിലുള്ളവരുടെ യോജിപ്പില്‍ നിന്നുണ്ടാകുന്ന വീര്യത്തെയാണ് എന്ന സൂചന കാവ്യത്തിലുള്ളത് (ഫത്ഹുല്‍ മുബീനിലുള്ളത്) കാണാതിരുന്നുകൂടാ. ഇതു വാസ്തവത്തില്‍ യഥാര്‍ഥ മതേതര വീക്ഷണത്തെ ശക്തിപ്പെടുത്തുന്നതും ഇന്നും പ്രസക്തിയുള്ളതുമായ പാഠമാണെന്നതില്‍ സംശയമില്ല' (മാപ്പിള പഠനങ്ങള്‍, പേജ് 37).
തങ്ങള്‍ ജീവിക്കുന്ന സവിശേഷമായ ജീവിത പരിസരത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു തന്നെയാണ് കേരള മതേതരത്വത്തിന്റെ നവോത്ഥാനം വികാസം പ്രാപിച്ചത്. മലബാറിനെ ലോകോത്തര തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ മുസ്‌ലിം പണ്ഡിതര്‍ നിര്‍വഹിച്ച ഇടപെടല്‍ സ്മരണീയമാണ്. 'പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് സാമൂതിരി പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമുമായി ബന്ധപ്പെടുകയും ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്‌ലിം ഭരണാധികാരികളുടെ സഹകരണം തേടാന്‍ അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു' (സി. ഗോപാലന്‍ നായര്‍, കേരളത്തിലെ മാപ്പിളമാര്‍, പേജ്, 43).
സാമൂതിരിക്കുവേണ്ടി തുര്‍ക്കി സുല്‍ത്താന്റെ പിന്തുണ ഉറപ്പുവരുത്തി സാമൂതിരിയും അറബി രാജ്യങ്ങളും തമ്മില്‍ സഖ്യമുണ്ടാക്കാനും പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പടനയിക്കാന്‍ അറബ് രാജ്യങ്ങളുടെ പിന്തുണ ലഭിക്കാനും ഈ പണ്ഡിതന്മാരുടെ ഇടപെടലാണ് നിമിത്തമായത്.
ചാലിയം യുദ്ധം ജയിച്ചതിലുള്ള പാരിതോഷികമായി പടത്തലവന്‍ കുഞ്ഞാലിമരക്കാരെ പുതുപ്പണത്ത് കോട്ട കെട്ടാന്‍ സാമൂതിരി അനുവദിച്ചു. 1572ല്‍ രോഗബാധിതനായ കുഞ്ഞാലി മൂന്നാമന്‍ പുതുപ്പണം കോട്ട സന്ദര്‍ശിച്ച് സാമൂതിരിയോട് പറഞ്ഞ വാക്കുകള്‍ കെ.പി കേശവമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്: 'നമ്മുടെ വിജയത്തിനു കാരണം പടക്കോപ്പല്ല, ഐക്യമാണ്. ജാതിയും മതവും ശത്രുവിനെ നേരിടുന്നതിന് തടസമായില്ല. ഈ യോജിപ്പു വളര്‍ത്തണം. പടച്ചോന്‍ സഹായിക്കട്ടെ' (കെ.പി കേശവമേനോന്‍, ദാന ഭൂമി, പേജ്, 213)
കുഞ്ഞാലിമരക്കാരുടെ സൈന്യത്തില്‍ എല്ലാ ജാതിക്കാരുമുണ്ടായിരുന്നുവെന്ന് വടക്കന്‍പാട്ടിലെ വരികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്:
' കോട്ടക്കലോമന കുഞ്ഞാലിക്ക്
നായരും തിയ്യരും ഒന്നുപോലെ'
'ജാതീയമായ ഉച്ചനീചത്വങ്ങളും പ്രാകൃതമായ ജീവിതരീതികളും കാരണം മലീമസമായ കേരളീയ സാമൂഹിക ജീവിതത്തിലേക്ക് സമാധാനപരവും നിശബ്ദവുമായ ഒരു സാമൂഹികമാറ്റം നടത്തിയത് മുസ്‌ലിം പണ്ഡിതന്മാരായിരുന്നു. ശവം മറവുചെയ്യാന്‍ പോലുമറിയാത്ത സമൂഹം മരിച്ചവരെ കാക്കകള്‍ക്കും നായകള്‍ക്കും കുറുക്കന്മാര്‍ക്കും എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്നാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫയില്‍ വിവരിക്കുന്നത്. പ്രമുഖ എഴുത്തുകാരന്‍ പി.കെ ബാലകൃഷ്ണന്‍ തന്റെ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന കൃതിയിലും ഈ പ്രാകൃതരൂപം വിവരിക്കുന്നുണ്ട്. ഇത്തരമൊരു സമൂഹത്തിലേക്ക് കച്ചവടക്കാരായി കടന്നുവന്ന ആദ്യകാല മുസ്്‌ലിംകള്‍ തങ്ങളുടെ ജീവിതത്തിലൂടെയും ഇടപെടലുകളിലൂടെയും ഇസ്‌ലാമിന്റെ സമഭാവനയും മാനവികതയും ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ കേരളീയ സമൂഹത്തില്‍ നിന്ന്, വിശേഷിച്ചും കീഴാള സമൂഹത്തില്‍നിന്ന് ഇസ്‌ലാമിലേക്ക് വ്യാപകമായ തോതില്‍ മതപരിവര്‍ത്തനം സംഭവിക്കുക മാത്രമല്ല ഹൈന്ദവ സമൂഹത്തിനകത്ത് ജാതിക്കെതിരായ ചില നീക്കങ്ങള്‍ക്ക് അതു തിരികൊളുത്തുകയും ചെയ്തു. തുഞ്ചത്തെഴുത്തച്ഛന്റെ നേതൃത്വത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഭക്തിപ്രസ്ഥാനം ജാതിക്കെതിരായ വിപ്ലവം കൂടിയായിരുന്നു. കീഴാളരുടെ മതപരിവര്‍ത്തന പ്രവണത ഭക്തിപ്രസ്ഥാനത്തിനു പ്രേരണയും പ്രചോദനവുമായി. ഇതു വച്ചുനോക്കുമ്പോള്‍ സാമൂഹിക നവോത്ഥാനത്തിനു വിത്തിട്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. കേരളീയ നവോത്ഥാനത്തിന്റെ വര്‍ത്തമാനം പറയുന്നവര്‍ ഒളിച്ചുവയ്ക്കുന്ന വസ്തുതയാണിത്.
ജാതീയത കൊടികുത്തിവാഴുന്ന കാലത്തെ സംബന്ധിച്ച് സി. അച്യുതമേനോന്‍, 'കൊച്ചിന്‍ സ്റ്റേറ്റ് മാന്വല്‍' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: 'ശൂദ്ര സ്ത്രീകള്‍ പാതിവ്രത്യം ആചരിക്കേണ്ടതില്ലെന്നും നമ്പൂതിരിമാരുടെ ആഗ്രഹാഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ സ്വയം സമര്‍പ്പിക്കേണ്ടതാണെന്നുമാണ് മലയാളികള്‍ക്ക് ആചാര സംഹിത സമ്മാനിച്ച പരശുരാമന്‍ കല്‍പിച്ചിരിക്കുന്നതെന്നാണ് ഇവ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണന്മാര്‍ നിര്‍ദേശിക്കുന്നത്' (പേജ്, 193).
കെ.പി പത്മനാഭ മേനോന്‍ എഴുതി: 'വിദേശത്തു പോകാന്‍ തരപ്പെട്ട ഒരു ഈഴവ സ്ത്രീ മടങ്ങി വന്നപ്പോള്‍ നാട്ടാചാരത്തിനു വിപരീതമായി മാറുമറയ്ക്കുന്ന വസ്ത്ര രീതി അവലംബിച്ചു. ആറ്റിങ്ങലെ മഹാറാണി അവളെ വിളിച്ചു വരുത്തി അവളുടെ മാറു മുറിച്ചുകളയുകയാണ് ചെയ്തത്' (കേരള ചരിത്രം, വാള്യം 3, പേജ്, 192).
ഇത്തരം ദുരവസ്ഥയ്‌ക്കെതിരേ നിലപാടെടുത്ത് ശക്തമായ സമരം നയിച്ചവരാണ് മമ്പുറം സയ്യിദ് അലവി തങ്ങളും സയ്യിദ് ഫസല്‍ തങ്ങളും ടിപ്പു സുല്‍ത്താനും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."