അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും സര്‍ക്കാര്‍ ഇടപെടലുകള്‍ പ്രഹസനം
കഞ്ചിക്കോട് : പൊതുവിപണിയില്‍ അരിഅടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുമ്പോഴും സര്‍ക്കാറിന് വിപണിയിലിടപെടാനാകുന്നില്ല. പച്ചക്കറി അടക്കമുള്ള സാധനങ്ങളുടെ വിലയില്‍ ഇരട്ടിയിലേറെ വര്‍ധന വന്നതോടെ വിലക്കയറ്റം മൂലം സാധാരണക്കാരുടെ ജീവിതം വഴിമുട്ടി. ഇറച്ചിയുടെയും മീനിന്റെയും വില കുതിച്ചുയര്‍ന്ന് സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായതിന് പിന്നാലെയാണ് മലയാളികളുടെ അടുക്കളയിലെ അവശ്യസാധനങ്ങളായ അരി അടക്കമുള്ള പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിക്കും വില തൊട്ടാല്‍ പൊള്ളുന്ന അവസ്ഥയിലെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയതിലെ പാകപ്പിഴ പൂര്‍ണമായും തിരുത്താത്തത് മൂലം റേഷന്‍ വിതരണം പലേടത്തും താറുമാറായതിനാല്‍ മിക്ക കുടുംബങ്ങളും ആശ്രയിക്കുന്നത് പൊതുവിപണിയെയാണ്. ഉഴുന്നും ചെറുപയറുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില ഇപ്പോഴും ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. ഉഴുന്നിന് കിലോക്ക് 94 ഉം ചെറുപയറിന് 80 രൂപയുമാണ് വിപണിവില. ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് സാധനങ്ങളുടെയെല്ലാം വില കുതിച്ചുയര്‍ന്ന് സാധാരണക്കാരനെ ദുരിതത്തിലാക്കിയത്. അരിവില നിത്യേനയെന്നോണം മാറിമറിയുകയാണ്.
മലയാളികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മട്ട, ജയ അരിയിനങ്ങളുടെ വിലയാണ് മുമ്പുണ്ടാകാത്തവിധം കുതിച്ചുയരുന്നത്. ഫെബ്രുവരി അവസാനത്തോടെയാണ് അരിവില കൂടിത്തുടങ്ങിയത്. ഇപ്പോഴും കാര്യമായ മാറ്റമുണ്ടായിട്ടില്ല. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മട്ട, ജയ അരി കിലോക്ക് 46 രൂപയാണ് ഇന്നലത്തെ വില. ചരക്ക് സേവന നികുതിയെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം ചരക്ക് നീക്കത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികളുടെ ഭാഷ്യം. പച്ചക്കറി വിലയാണ് ഉപഭോക്താവിന്റെ കൈ പൊള്ളിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ തക്കാളി, ക്യാരറ്റ്, വെണ്ട എന്നിവയുടെ വില വലിയ മാറ്റമില്ലാതെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. പച്ചമുളക്, വെളുത്തുള്ളി, ചെറിയഉള്ളി എന്നിവയുടെ വിലയും കൂടി. കിലോക്ക് 66 രൂപയാണ് തക്കാളിക്ക് ഇന്നലത്തെ വില. വെണ്ടക്ക 38, ഉരുളക്കിഴങ്ങ് 20, ബീറ്റ്‌റൂട്ട് 30, കാരറ്റ് 60, ബീന്‍സ് 35, പയര്‍ 44, കാബേജ് 18, വെള്ളരി 25, പച്ചമുളക് 54, പാവക്ക35, ചെറിയ ഉള്ളി 90, ചേന 40 എന്നിങ്ങനെയാണ് പച്ചക്കറിവില. വിവിധ ജില്ലകളില്‍ പച്ചക്കറിയുടെ വിലയില്‍ വലിയ വ്യത്യാസമില്ല.
ഓണക്കാലം മുന്നില്‍ക്കണ്ട് തമിഴ്‌നാട് ലോബികള്‍ കുത്തനെ വിലകൂട്ടിയതാണ് ഇതിനു കാരണമെന്ന് പച്ചക്കറി വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും തക്കാളി കൃഷി മോശം കാലാവസ്ഥയെ തുടര്‍ന്ന് നശിച്ചതോടെ ഉത്തരേന്ത്യയില്‍ നിന്നുള്ള വ്യാപാരികള്‍ കര്‍ണാടകയിലെ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി കൂടിയ വിലക്ക് തക്കാളി ശേഖരിക്കുന്നതാണ് തക്കാളിവില കൂടാനിടയാക്കിയതെന്ന് വ്യാപാരികള്‍ പറയുന്നു. ഇത് കേരളത്തിലേക്കുള്ള കയറ്റുമതി പകുതിയായി കുറച്ചു. അടുത്ത വിളവെടുപ്പ് വരെ വിലയില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് മൊത്തക്കച്ചവടക്കാരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ സീസണില്‍ തക്കാളിക്ക് ഇരട്ടിയിലധികമാണ് വില. ജിഎസ്ടി നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില തോന്നിയതു പോലെയാണ്. പച്ചക്കറി വില ഉയരുമ്പോള്‍ ഹോട്ടല്‍ വില ഉയര്‍ത്താതെ നിവൃത്തിയില്ലെന്ന് ഹോട്ടല്‍ ഉടമകളും വാദിക്കുന്നു. അതേസമയം വിലക്കയറ്റം ആരംഭിച്ച് ഏറെ നാളുകളായിട്ടും വില പിടിച്ച് നിര്‍ത്താനായി വിപണിയില്‍ ഇടപെടാനോ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."