സിംകാര്‍ഡ് തരപ്പെടുത്തി നല്‍കിയ കേസ്; രൂപേഷിനെ കൊല്ലം കോടതിയില്‍ ഹാജരാക്കി
കൊല്ലം: മാവോയിസ്റ്റ് രൂപേഷിനെ ഇന്നലെ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം(യു.എ.പി.എ) കൊല്ലത്തുള്ള കേസിന്റെ വിചാരണയുടെ ഭാഗമായാണ് രൂപേഷിനെ വന്‍ സുരക്ഷ ക്രമീകരണങ്ങളോടെ കൊല്ലത്ത് എത്തിച്ചത്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് സിംകാര്‍ഡ് തരപ്പെടുത്തി നല്‍കിയ സംഭവത്തില്‍ കുണ്ടറ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണയാണ് കൊല്ലത്ത് നടക്കുന്നത്.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. കുണ്ടറ സ്വദേശികളായ ആനന്ദന്‍, രമണന്‍, പാലക്കാട് സ്വദേശി അനൂപ്, അറിയപ്പെടുന്ന മാവോയിസ്റ്റ് തൃശൂര്‍ സ്വദേശി രൂപേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. പോലിസ് തയാറാക്കിയ കുറ്റപത്രപ്രകാരം നാല് വര്‍ഷം മുമ്പ് ആനന്ദനും, രമണനും ആദിവാസി വിഭാഗത്തിലെ ചിലരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ തിരിച്ചറിയല്‍കാര്‍ഡ് സംഘടിപ്പിച്ച് സിം കാര്‍ഡുകള്‍ തരപ്പെടുത്തുകയായിരുന്നു. രൂപേഷും അനൂപും മാവോയിസ്റ്റ് കേസുകള്‍ അന്വേഷിക്കുന്ന തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ചിന്റെ പിടിയിലായതോടെ ഇവര്‍ ഉപയോഗിച്ച സിം കാര്‍ഡുകള്‍ കുണ്ടറിയിലുള്ള ആദിവാസി കുടുംബത്തിലെ ഒരാളുടെ പേരിലുള്ളതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ക്യൂ ബ്രാഞ്ച് കുണ്ടറയിലെത്തി.
ആനന്ദനും രമണനും ബാങ്ക് വായ്പ തരപ്പെടുത്തി നല്‍കാമെന്ന വാഗ്ദാനം ചെയ്തായിരുന്നു ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ അജ്ഞത ചൂഷണം ചെയ്ത് അവരുടെ പേരില്‍ സിംകാര്‍ഡുകളെടുത്തത്. ഭരണിക്കാവിലെ ഒരു കടയില്‍ നിന്ന് സിം കാര്‍ഡെടുത്താണ് രൂപേഷിനും അനൂപിനും നല്‍കിയത്. ഇതിനിടെ ആനന്ദനും രമണനും അറസ്റ്റിലായി. ആനന്ദന്‍ സംഘടനയുടെ ബുദ്ധികേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. രമണന്‍ കൊച്ചിയില്‍ നീറ്റ ജലാറ്റിന്‍ ആക്രമിച്ചതുള്‍പ്പെടെ വേറൊരു മാവോയിസ്റ്റ് ആക്ഷനിലും പ്രതിയാണ്. ജാമ്യത്തിലുള്ള ആനന്ദന്‍ ഇപ്പോഴും നാട്ടില്‍ പൊലിസിന്റെ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."