രാജ്യം നേരിടുന്നത് ചരിത്രത്തിലെ വലിയ ഭീഷണി: മണിശങ്കര്‍ അയ്യര്‍
തിരുവനന്തപുരം: സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയാണ് ഇന്ത്യ നേരിടുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. ഫാസിസ്റ്റ് കൊലവിളി മതേതര ഇന്ത്യ കാവലിരിക്കുക എന്ന പ്രമേയത്തില്‍ കെ.എം.വൈ.എഫ് നടത്തിവന്ന കാംപയിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു നടത്തിയ ഫാസിസ്റ്റ് വിരുദ്ധ റാലിക്ക് ശേഷമുള്ള ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ് രാജ്യത്ത് പ്രശ്നങ്ങളുണ്ടായപ്പോള്‍ പരിഹരിക്കാന്‍ ഗാന്ധിയും നെഹ്റുവുമുണ്ടായിരുന്നു. ഇന്നു ഗാന്ധിജിയെ വധിച്ചവര്‍ രാജ്യം ഭരിക്കുന്ന സാഹചര്യമാണുള്ളത്. അവര്‍ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്.
ഗുജറാത്തില്‍ 15000ത്തില്‍പ്പരം മുസ്ലിംകളെ കൊന്നൊടുക്കിയ മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയും വര്‍ഗീയ കലാപങ്ങള്‍ക്ക് എന്നും പ്രേരണ നല്‍കിയിട്ടുള്ള യോഗി ആദിത്യനാഥ് യു.പിയുടെ മുഖ്യമന്ത്രിയുമായി മാറിയത് രാജ്യത്തെ ജനങ്ങളെ ഭീതിപ്പെടുത്തുന്നതാണ്. മതേതര വിഭാഗം ഭിന്നിച്ചതിനാലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.
38 ശതമാനം പിന്തുണ മാത്രം നേടിയ മോദി ഇന്ന് ഇന്ത്യയുടെ സമസ്ത മേഖലകളെയും വര്ഗീയവല്ക്കരിച്ചിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കേരളം നേതൃത്വം നല്‍കണം. കേരളം ഇന്ത്യക്കു മാതൃകയാണ്. കേരള ജനതയെയും ഭിന്നിപ്പിക്കാനുള്ള ഹീനമായ ശ്രമങ്ങളാണ് മോദിയും കൂട്ടരുംനടത്തുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.എഫ് മുഹമ്മദ് അസ്ലം മൗലവി അധ്യക്ഷനായി. സംഗമത്തില്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വി.ടി ബല്‍റാം എം.എല്‍.എ, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി, റസാഖ് പാലേരി, പള്ളിക്കല്‍ തുളസീധരന്‍, പാങ്ങോട് കമറുദ്ദീന് മൗലവി, കടയ്ക്കല്‍ ജുനൈദ്, ഇലവുപാലം ഷംസുദ്ദീന് മന്നാനി, എ.വൈ ഷിജു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."