പിരിഞ്ഞവര്‍ പോരടിക്കേണ്ടതുണ്ടോ?
''എന്റെ മുന്‍ പ്രേയസിക്ക്..
സുഖമാണെന്നു കരുതുന്നു. നമ്മള്‍ തമ്മിലുള്ള പത്തു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു കുടുംബകോടതിയില്‍ വിരാമമായല്ലോ. ഇനി നമ്മള്‍ തമ്മില്‍ കണ്ടുകൊള്ളണമെന്നില്ല. എന്റെ ഭാഗത്തുനിന്നു നിനക്കു വന്നുഭവിച്ച എല്ലാ അനിഷ്ടങ്ങള്‍ക്കും മാപ്പുചോദിക്കുന്നു. നിന്നെ വരിക്കാനെത്തുന്ന നവവരന്‍ നിനക്ക് എല്ലാം കൊണ്ടും യോജിക്കട്ടെ എന്ന പ്രാര്‍ഥനയോടെ...''
മൊഴി ചൊല്ലിയൊഴിവാക്കിയ ഭാര്യയ്ക്കു ഭര്‍ത്താവ് എഴുതിയ കത്താണിത്. വൈകാതെ കത്തിനു മറുപടിയുമെത്തി:
''പ്രിയപ്പെട്ട മുന്‍ പ്രിയതമന്..
സുഖം തന്നെ. അങ്ങേക്കും സുഖാശംസകള്‍ നേരുന്നു. ഞാന്‍ അങ്ങേക്ക് അര്‍ഹതപ്പെട്ടവളല്ലാതായിപ്പോയി എന്നതില്‍ അതീവ ദുഃഖമുണ്ട്. പിരിയുന്നതാണ് അഭികാമ്യം എന്നു മനസിലാക്കിയതുകൊണ്ടാണ് ആ വഴി സ്വീകരിച്ചത്. അങ്ങേക്കു നല്ല ഭാവിയുണ്ടാകട്ടെ... ഭാവിവധു എന്നെക്കാള്‍ ഉത്തമയാകട്ടെ എന്ന പ്രാര്‍ഥനയോടെ...''
രണ്ടു കത്തുകളും വായിച്ച സ്ഥിതിക്ക് ഇനി ഉയര്‍ന്നേക്കാവുന്ന ചോദ്യം ഇതായിരിക്കും:
''പിന്നെ എന്തിന് ഇവര്‍ വേര്‍പിരിഞ്ഞു?''
വേര്‍പിരിഞ്ഞാല്‍ ശത്രുക്കളെ പോലെ കഴിയണമെന്ന സാമ്പ്രദായിക ബോധമാണ് ഈ ചോദ്യത്തിന്റെ അടിസ്ഥാനം. ഒന്നിച്ചുനടന്നവര്‍ രണ്ടായി നടക്കാന്‍ തീരുമാനിച്ചാല്‍ ആ തീരുമാനപ്രകാരം നടന്നാല്‍ മതി, പരസ്പരം പോരടിക്കേണ്ടതില്ല.
ദാമ്പത്യജീവിതം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നാല്‍ അതവസാനിപ്പിക്കാം. അതിന്റെ പേരില്‍ അവരുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ പിണങ്ങേണ്ടതില്ല. കുടുംബത്തില്‍ രണ്ടുപേര്‍ വേര്‍പിരിഞ്ഞതിനു മറ്റു കുടുംബാംഗങ്ങള്‍ക്കു പഴയ ഇണക്കത്തില്‍ കഴിയാന്‍ പാടില്ലെന്നില്ലല്ലോ.. വിവാഹമോചനത്തിന്റെ പേരില്‍ നിരപരാധികളായ മക്കളെ എന്തിന് ഇരകളാക്കണം? അവരുടെ ശോഭനമായ ഭാവിക്ക് ഇരുവര്‍ക്കും ഒന്നിച്ചു സഹകരിച്ചുകൂടെന്നുണ്ടോ?
എന്റെ മക്കളെ അവന്‍ അല്ലെങ്കില്‍ അവള്‍ നോക്കേണ്ടതില്ലെന്നു ശഠിക്കുമ്പോള്‍ ആ ശാഠ്യത്തിനു വിലനല്‍കേണ്ടി വരുന്നത് പാവം മക്കളാണെന്ന സത്യം എന്തുകൊണ്ടോ മനസിലാക്കപ്പെടാതെ പോകുന്നു? മക്കളോടുള്ള സ്‌നേഹമാണ് ആ ശാഠ്യത്തിനു നിദാനമെങ്കില്‍ ആ സ്‌നേഹം ഭാവി തകര്‍ക്കുന്ന സ്‌നേഹം തന്നെ.
ഒന്നിച്ചുപോകാന്‍ തീരുമാനമില്ലെങ്കില്‍ നല്ല നിലയ്ക്ക് വിട്ടയക്കണമെന്നാണ് ഖുര്‍ആന്റെ(2: 229) നിര്‍ദേശം. ശത്രുവായല്ല, മിത്രമായിതന്നെ വേര്‍പിരിയാം.
പണ്ട് ഒരു മഹാന്‍ ഒരു പെണ്ണിനെ വിവാഹം കഴിച്ചു. പക്ഷെ, അവളുമായി യോജിച്ചുപോകാന്‍ കഴിഞ്ഞില്ല. ആളുകള്‍ ചോദിച്ചു: ''എന്താണു പ്രശ്‌നം?''
അദ്ദേഹം പറഞ്ഞു: ''ഞാനെന്റെ അഭിമാനത്തിനു കളങ്കം ചാര്‍ത്തുന്നതൊന്നും പറയില്ല.''
ദിവസങ്ങള്‍ കഴിഞ്ഞു. യോജിപ്പില്ലായ്മ വിവാഹമോചനത്തില്‍ കലാശിച്ചു. അപ്പോള്‍ ആളുകള്‍ ചോദിച്ചു: ''എന്താണു പ്രശ്‌നം?''
അദ്ദേഹം പറഞ്ഞു: ''എന്റെ ഉത്തരവാദിത്തത്തില്‍നിന്നു പോയ ഒരു പെണ്ണിനെ കുറിച്ച് ഞാനിനി ഒന്നും പറയില്ല..!''
ഹൊ..! എത്ര ഉന്നതമായ സംസ്‌കാരം..!
വിവാഹമോചനം നടന്നാല്‍ കാരണങ്ങളന്വേഷിക്കാന്‍ നൂറുകൂട്ടം ആളുകളുണ്ടാകും. അവര്‍ക്കുമുന്‍പില്‍ അവന്‍ അവളുടെയും അവള്‍ അവന്റെയും കുറ്റങ്ങളും കുറവുകളും വിളമ്പും. ഒഴിവാക്കിയ ശേഷം എന്തിന് അനാവശ്യമായി അന്യന്റെ ഇറച്ചിതിന്നുന്നു? വേണ്ടാത്ത വസ്തുവിനെ വേണ്ടെന്നുവച്ച് ഒഴിവാക്കിയാല്‍ വീണ്ടും അതിന്റെ പിന്നാലെ നടക്കുമോ നിങ്ങള്‍?
ഛെ..! എത്ര ചീഞ്ഞളിഞ്ഞ സംസ്‌കാരം..!
ബന്ധങ്ങള്‍ കൂടലും പിരിയലും സ്വാഭാവികം. പരസ്പരം സുഹൃത്തുക്കളായി ജീവിച്ചവര്‍ വഴിപിരിയാറുണ്ട്. കുടുംബങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടാകും. രാജ്യങ്ങള്‍ തമ്മിലും അസ്വാരസ്യങ്ങളുണ്ടാകും. പിണക്കങ്ങളുണ്ടാവുകയെന്നത് ഒരു കാര്യം. അതേ തുടര്‍ന്നു പഴിചാരലുകള്‍ നടത്തലും ആക്ഷേപസ്വരങ്ങളുതിര്‍ക്കലും മറ്റൊരു കാര്യം.
വേര്‍പിരിയേണ്ടി വന്നാല്‍ വേര്‍പിരിയുന്നതു കുറ്റമല്ല. എന്നാല്‍ വേര്‍പിരിഞ്ഞ ശേഷം പരസ്പരം കുറ്റംപറയുന്നത് കടുത്ത അപരാധമാണ്. പിരിയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. കുറ്റമാരോപിക്കാന്‍ ഒരാള്‍ക്കും അനുവാദമില്ല.
മകള്‍ വിവാഹമോചിതയായാല്‍ അവള്‍ക്കു നിലവിലുണ്ടായിരുന്ന ഭര്‍ത്താവ് യോജിച്ചവളല്ല എന്നു മാത്രം മനസിലാക്കുക. അതിനപ്പുറം അവനെ കുറിച്ചോ അവന്റെ കുടുംബത്തെ കുറിച്ചോ ചര്‍ച്ച ചെയ്യേണ്ടതില്ല. അനാവശ്യമായ ആ ചര്‍ച്ചയില്‍ സമയം കളയുന്നതിനുപകരം മകള്‍ക്കു യോജിച്ച ഇണയെ തിരഞ്ഞാല്‍ അവളുടെ ഭാവി ഭാസുരമാകും.
വിയോജിക്കാനുള്ള അനുവാദം വിമര്‍ശിക്കാനുള്ള അവകാശമല്ലെന്നു മനസിലാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."