പ്ലാസ്റ്റിക് വാട്ടര്‍ബോട്ടിലുകള്‍ പടിക്കുപുറത്ത്: അരീക്കോട്ടെ സ്‌കൂള്‍ ക്ലാസ്മുറികളില്‍ ഇനി തിളപ്പിച്ചാറിയ വെള്ളമെത്തും
അരീക്കോട്: പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇനി വാട്ടര്‍ ബോട്ടിലിന്റെ ഭാരം ചുമക്കേണ്ട. കുടിക്കാനുള്ള വെള്ളവുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാര്‍ഡ് അംഗങ്ങള്‍ ക്ലാസ് മുറിയിലെത്തും. അരീക്കോട് പഞ്ചായത്തിന്റെ മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാലയങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികളെ പടിയിറക്കുന്നത്. എല്‍.പി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് വാട്ടര്‍ബോട്ടിലുകളുടെ ഉപയോഗത്തില്‍ നിന്നും പിന്മാറിയാല്‍ പഞ്ചായത്തില്‍ നിന്നും പതിനയ്യായിരത്തോളം പ്ലാസ്റ്റിക് കുപ്പികള്‍ ഉപേക്ഷിക്കാനാകും.
പഞ്ചായത്തിലെ 69 എല്‍.പി, യു.പി തലങ്ങളിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും എല്ലാ ക്ലാസ്മുറികളിലും സ്റ്റീല്‍ നിര്‍മിത വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇതില്‍ എല്‍.പി, യു.പി സ്‌കൂളുകളിലേക്ക് ടാങ്ക് വാങ്ങുന്നതിനുള്ള തുക പഞ്ചായത്ത് നീക്കിവെക്കും. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലേക്കുള്ള തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും.
ഇതില്‍ തിളപ്പിച്ചാറിയ വെള്ളവും വിദ്യാര്‍ഥികള്‍ക്ക് സുലഭമായി ലഭിക്കും. പഞ്ചായത്തിലെ മുഴുവന്‍ സ്ഥാപന മേധാവികളുടെയും യോഗത്തിലാണ് മാലിന്യമുക്ത പദ്ധതിക്കായി സുപ്രധാനമായ തീരുമാനമെടുത്തത്. അടുത്തമാസം ഒന്ന് മുതല്‍ പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
യോഗം പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ഡബ്ലിയു അബ്ദുറഹിമാന്‍ അധ്യക്ഷനായി. കോഡിനേറ്റര്‍ ഉമര്‍ വെള്ളേരി പദ്ധതി വിശദീകരിച്ചു. പവര്‍ഗ്രിഡ് മാനേജര്‍, അരീക്കോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ ബീരാന്‍ മാസ്റ്റര്‍, ബി.പി.ഒ ബാബുരാജ്, സ്ഥിരം സമിതിയധ്യക്ഷര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."