അമേരിക്കയിലും വില്ലനായി മതില്‍ വീണ്ടും ഭരണസ്തംഭനം
വാഷിങ്ടണ്‍: ധനകാര്യ ബില്‍ സെനറ്റില്‍ പാസാകാത്തതിനെ തുടര്‍ന്ന് അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ പണം അനുദവിക്കണമെന്നുള്ള ട്രംപിന്റെ ആവശ്യത്തില്‍ ഡെമോക്രാറ്റ് പ്രതിനിധികള്‍ ഉടക്കിയതാണ് ട്രംപിനു വിനയായത്.
പ്രാദേശിക സമയം ശനിയാഴ്ച രാത്രി 12 വരെയും പ്രതിസന്ധി മറികടക്കാന്‍ അവസാനവട്ട അനുനയശ്രമങ്ങളുണ്ടായെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെയാണു രാജ്യത്ത് വീണ്ടും ഭരണസ്തംഭനം ഉടലെടുത്തത്. ഒരു വര്‍ഷത്തിനിടെ ഇതും മൂന്നാം തവണയാണ് അമേരിക്കയില്‍ ഭരണപ്രതിസന്ധി ഉടലെടുക്കുന്നത്.
മെക്‌സിക്കന്‍ അതിര്‍ത്തി മതിലിനടക്കമുള്ള ധനകാര്യ ബില്ലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ട്രംപ് സെനറ്റില്‍ അവതരിപ്പിച്ചത്. ഫെബ്രുവരി എട്ടുവരെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പ്രവര്‍ത്തിക്കാനുള്ള ചെലവിലേക്ക് ആവശ്യമായ തുകയാണ് ഇതുവഴി വകയിരുത്തിയിരിക്കുന്നത്. ബില്‍ ബുധനാഴ്ച ജനപ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷത്തിനു പാസായെങ്കിലും മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ വിഷയത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.
മെക്‌സിക്കന്‍ മതില്‍ പണിയാന്‍ അഞ്ച് ബില്യന്‍ ഡോളര്‍ (ഏകദേശം 2,80,56,00,00,000 രൂപ) ആണ് ട്രംപ് ആവശ്യപ്പെട്ടത്. മതിലിനു വേണ്ട പണം അനുവദിക്കാതെ ബില്ലില്‍ ഒപ്പുവയ്ക്കില്ലെന്ന് ട്രംപ് ഉറച്ച നിലപാടുമെടുത്തു. എന്നാല്‍, ഡെമോക്രാറ്റുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ക്യാപിറ്റോള്‍ ഹില്ലില്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെയും കോണ്‍ഗ്രസിലെ വിവിധ പാര്‍ട്ടി നേതാക്കളുടെയും ഇടയില്‍ പാതിരാത്രി നീണ്ട ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല.
ബില്‍ പാസാക്കാന്‍ കഴിയാതെ പോയതോടെ പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ കാല്‍ഭാഗത്തോളം യു.എസ് ഫെഡറല്‍ ഏജന്‍സികളിലും ഉദ്യോഗസ്ഥര്‍ ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ആഭ്യന്തര സുരക്ഷ, നീതിന്യായം, ഗതാഗതം, കൃഷി വകുപ്പുകള്‍ അടക്കം വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എട്ടു ലക്ഷത്തോളം ജീവനക്കാരെയാണ് ഇതു ബാധിക്കുക. ഉദ്യോഗസ്ഥര്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരികയോ ലീവില്‍ പോകാന്‍ നിര്‍ബന്ധിതരാകുകയോ ആണ് ഇതുവഴിയുണ്ടാകുക. ക്രിസ്മസ് അവധിദിനങ്ങള്‍ കൂടി അടുത്തുവന്നതിനാല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ദേശീയ ഉദ്യാനങ്ങളും വനങ്ങളും അടച്ചിടേണ്ടിവരും.
100 അംഗ സെനറ്റില്‍ ബില്‍ പാസാകാന്‍ 60 പേരുടെ പിന്തുണ വേണം. എന്നാല്‍, റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് 51 അംഗങ്ങള്‍ മാത്രമാണുള്ളത്. ഇതോടെ നേരിയ ഭൂരിപക്ഷത്തിന് ബില്‍ പാസാക്കിയെടുക്കാനുള്ള ന്യൂക്ലിയര്‍ ഓപ്ഷന്‍ തേടുകയാണ് ഭരണപക്ഷം. എന്നാല്‍, ഇത്തരമൊരു വഴി തേടുന്നതിന് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."