തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരം: 12 പേര്‍ മരിച്ചത് തലയ്ക്കു വെടിയേറ്റ്
തൂത്തുക്കുടി: തൂത്തുക്കുടിയിലെ വേദാന്ത ഗ്രൂപ്പിന്റെ ചെമ്പുശുദ്ധീകരണ ശാലക്കെതിരായി നടന്ന സമരത്തിനിടയില്‍ 12 പ്രക്ഷോഭകര്‍ മരിച്ചത് തലക്കും നെഞ്ചിനും വെടിയേറ്റിട്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതില്‍ പകുതിയോളം പേര്‍ക്കു വെടിയേറ്റതു പിറകില്‍നിന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മെയില്‍ നടന്ന വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഫോറന്‍സിക് വിദഗ്ധര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് പുറത്തുവിട്ടത്.
17 വയസുകാരിയായ ജെ. സ്‌നോലിന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചവരില്‍ ഏറ്റവും പ്രായം കുറവുള്ളത്.
തലക്കു പിറകിലൂടെ തുളച്ചുകയറിയ വെടിയുണ്ട വായിലൂടെ പുറത്തുവന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.
കേസില്‍ ഇതുവരെ ഒരു പൊലിസ് ഉദ്യോഗസ്ഥനേയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ തൂത്തുക്കുടി ജില്ലാ കലക്ടറോ പൊലിസോ തയാറായിട്ടില്ല. തമിഴ്‌നാട്ടിലെ തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ മലിനീകരണമുണ്ടാക്കുന്ന ചെമ്പ് ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു നടന്ന സമരത്തിന്റെ നൂറാം ദിനത്തില്‍ 20,000ത്തോളം പേര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടയിലുണ്ടായ അക്രമ സംഭവത്തിലാണ് പൊലിസ് വെടിവയ്പ് നടത്തിയത്. ബിഹാര്‍ സ്വദേശി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയുടെ കീഴിലുള്ളതാണ് ചെമ്പ് ശുദ്ധീകരണ ശാല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."