മണല്‍ മാഫിയയെ വലയിലാക്കാന്‍ അരീക്കോട് പൊലിസ്
അരീക്കോട്: അനധികൃതമായി മണല്‍ കടത്തുന്നവരെ പിടികൂടാന്‍ 'ഓപ്പറേഷന്‍ ചാലിയാറു'മായി അരീക്കോട് പൊലിസ് രംഗത്ത്. പ്രദേശത്തെ കടവുകളില്‍ നിന്ന് ദിനേനെ നിരവധി വാഹനങ്ങളില്‍ അനധികൃതമായി മണല്‍ കടത്തുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് പരിശോധന കര്‍ശനമാക്കാന്‍ പൊലിസ് തീരുമാനിച്ചത്.
രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ അനുമതിയില്ലാതെ മണല്‍ കടത്തിനെത്തുന്നവര്‍ കടവുകളില്‍ വെച്ച് മദ്യപിക്കുന്നതും മോഷണം നടത്തുന്നതും പതിവായിരിക്കുകയാണ്.
പൊലിസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഭൂരിഭാഗം പരാതികളും മണല്‍ മാഫിയകളില്‍ നിന്ന് പൊതു ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ചാണെന്ന് അരീക്കോട് എസ്.ഐ കെ. സിനോദ് സുപ്രഭാതത്തോട് പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കുക, വീട്ടുകാരെ ഉപദ്രവമേല്‍പ്പിക്കുക, വീട്ടുമുറ്റത്ത് മല മൂത്ര വിസര്‍ജ്ജനം നടത്തുക, വാഹനങ്ങള്‍ നശിപ്പിക്കുക എന്നിങ്ങനെ വിവിധ തരത്തില്‍ മണല്‍ മാഫിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും പൊലിസ് പറയുന്നു.
മണല്‍ കടത്തുകാരുടെ പൈലറ്റ് വാഹനങ്ങള്‍ അടക്കം 10 വാഹനങ്ങള്‍ പൊലിസ് ഇതിനകം പിടികൂടിയിട്ടുണ്ട്. രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകളുടെ പ്രവര്‍ത്തനം രാത്രി 12ന് അവസാനിപ്പിക്കണമെന്ന നിര്‍ദേശവും കടയുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്.
അര്‍ധ രാത്രിക്ക് ശേഷമുള്ള ഭക്ഷണ ശാലകള്‍ മണല്‍ മാഫിയക്ക് സഹായകമാവുമെന്ന വിലയിരുത്തലിലാണ് ഈ നടപടി. ഓപ്പറേഷന്‍ ചാലിയാറിലൂടെ മണല്‍ മാഫിയയെ നിയന്ത്രിക്കാനാണ് അരീക്കോട് പൊലിസിന്റെ തീരുമാനം. കെ. സിനോദ് എസ്.ഐ ആയി ചുമതലയേറ്റതോടെ ലഹരി മണല്‍ മാഫിയകള്‍ക്ക് ഏറെ കുറേ കടിഞ്ഞാണിടാനായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."